‘ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം!! കിടിലം പേരിട്ട് പേളി മാണി..’ – നൂലുകെട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം

അവതാരകയും നടിയുമായ പേളി മാണി വീണ്ടും അമ്മയായ സന്തോഷം ഈ കഴിഞ്ഞ മാസമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വീണ്ടുമൊരു പെൺകുഞ്ഞിന്റെ അമ്മയായ സന്തോഷം പേളിയും ഭർത്താവും സീരിയൽ നടനുമായ ശ്രീനിഷ് ചേർന്നാണ് പങ്കുവച്ചത്. കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടാണ് പേളി ഈ വിശേഷം പങ്കുവച്ചിരുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പേളിക്ക് ആശംസകൾ നേർന്നത്.

ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും പേരിടൽ ചടങ്ങും കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി മാണി. നിതാര ശ്രിനിഷ് എന്നാണ് കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയിരിക്കുന്ന പേര്. നില എന്നാണ് മൂത്തമകളുടെ പേര്. സകുടുംബം എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോസും ഇതോടൊപ്പം പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും ട്രഡീഷണൽ ലുക്കിലാണ് ചടങ്ങിൽ തിളങ്ങിയത്.

“ഇതാ ‘നിതാര ശ്രീനിഷ്’.. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം തികഞ്ഞു. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു, ഊഹിക്കാമോ? ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു.. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം..”, ഇതായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. സൈനുൾ അബീദ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

പേളിയും നിലയും കുഞ്ഞിന്റെ കവിളിൽ മുത്തം കൊടുക്കുന്ന ചിത്രങ്ങളാണ് കൂട്ടത്തിൽ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. ഷംന കാസിം, അനുമോൾ, പ്രിയാമണി, ഭാമ, ശിവദ, അശ്വതി നായർ, ഷോൺ റോമി, മനീഷ കെഎസ്, അനു കെ അനിയൻ, സരിത ജയസൂര്യ, ശ്രുതി രജനികാന്ത് തുടങ്ങിയ താരങ്ങൾ പേളിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.