‘ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല..’ – വാർത്ത അടിസ്ഥാന രഹിതമെന്ന് പാർവതി
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വേണ്ടി മത്സരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് നടി പാർവതി തിരുവോത്ത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങളിൽ അത്തരത്തിൽ പാർവതി മത്സരിക്കുന്നുവെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത് നിഷേധിച്ചാണ് പാർവതി ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അത്തരം ലേഖനങ്ങളിൽ ലജ്ജിക്കുന്നു. മത്സരത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല, ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല. ഇതിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നു..’, എന്നാണ് പാർവതി ട്വിറ്ററിൽ കുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന്റെ വാർത്ത ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് ഇട്ടത്.
സംഭവം തെറ്റാണെന്ന് മനസ്സിലാക്കി ആ വാർത്ത മാധ്യമം പിൻവലിക്കുകയും ചെയ്തിരുന്നു. പാർവതിയെ മത്സരരംഗത്ത് കൊണ്ടുവരാൻ എൽ.ഡി.എഫ് ശ്രമിക്കുന്നുവെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. പാർവതിയെ സ്ഥാനാർഥി ആക്കിയാൽ യുവ വോട്ടർമാരുടെ പിന്തുണ ലഭിക്കുന്ന രീതിയിലൊക്കെ ആയിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.
പാർവതിയുടെ പോസ്റ്റുകളിൽ നിന്നൊക്കെ താരത്തിന്റെ രാഷ്ട്രീയം വ്യക്തമാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു വ്യാജവാർത്ത പ്രചരിച്ചിരുന്നത്. രാജ്യത്തെ കര്‍ഷകസമരത്തെ അനുകൂലിച്ച് കൊണ്ട് പാർവതി അടുത്തിടെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. പാർവതി അഭിനയിച്ച വർത്തമാനം എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്.
Shame @mathrubhumieng on such baseless and misleading articles. I never said anything about contesting and no party has approached me. I demand a correction on this. https://t.co/bdiRSIyjvO
— Parvathy Thiruvothu (@parvatweets) February 11, 2021