‘പബ്ലിക് ഫിഗർ ആവുമ്പോൾ പല അഭിപ്രായങ്ങൾ വരും, ഉൾകൊള്ളാൻ പറ്റില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക..’ – ഒമർ ലുലു

കഴിഞ്ഞ ദിവസം രാത്രിയാണ് നടൻ ബാല തന്റെ ഫ്ലാറ്റിൽ കയറി വന്ന് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യൂട്യൂബർ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന അജു അലക്സ് രംഗത്ത് വന്നത്. മലയാളി സിനിമ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടലോടെ കേട്ടൊരു വാർത്തയായിരുന്നു. സംഭവം നടക്കുമ്പോൾ അജു ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. സുഹൃത്ത് മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയെന്ന് അജു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

പിന്നീട് മണിക്കൂറിനുള്ളിൽ തന്നെ ബാല ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണ വീഡിയോ പങ്കുവച്ചത്. താൻ ഫ്ലാറ്റിൽ പോയിരുന്നുവെന്നത് സത്യമാണെന്നും തന്റെ കൈയിൽ തോക്കില്ലായിരുന്നുവെന്നും റൂം അടിച്ചുതകർത്തുവെന്ന് പറയുന്നതും കള്ളമാണെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരു തെളിവും ബാല പുറത്തുവിട്ടിട്ടുണ്ട്. തനിക്കെതിരെയുള്ള വീഡിയോ നീക്കം ചെയ്യാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാല പറഞ്ഞു.

പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബാല പിന്തുണച്ചാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ കൂടുതലും. ഒരു മുറിയിലിരുന്ന് ആളുകളെ കുറിച്ച് മോശം പറഞ്ഞ് വീഡിയോ ചെയ്യുന്ന ഒരാളാണ് ചെകുത്താൻ എന്നും ഒരാളെ കുറിച്ചും മോശം പറയാൻ ആർക്കും അധികാരമില്ലെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം സംവിധായകൻ ഒമർ ലുലുവിന് മറ്റൊരു അഭിപ്രായമാണ് ഉള്ളത്.

“നമ്മൾ ഒരു പബ്ലിക് ഫിഗറാവുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും, ഇത് ഒന്നും ഉൾകൊള്ളാൻ ഉള്ള മാനസിക കരുത്തില്ലെങ്കിൽ പൊതു വേദികളിൽ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക..”, എന്നായിരുന്നു ഒമർ ലുലു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. പക്ഷേ ഒമറിന്റെ അഭിപ്രായത്തോട് യോജിപ്പുള്ള ആരും തന്നെയില്ലെന്ന് കമന്റ് ബോക്സിൽ നിന്ന് വ്യക്തമാണ്. അനാവശ്യം പറഞ്ഞാൽ കിട്ടേണ്ടത് കിട്ടുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.