‘വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക! വഴിയിലിട്ട് തല്ലിയെന്ന വീരവാദം മുഴക്കുകയല്ല വേണ്ടത്..’ – ഒമർ ലുലു

ഈ കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ചാനൽ എംഡിയും ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയെ ലണ്ടനിലെ വിമാനത്താവളത്തിൽ വച്ച് ആ ക്രമം നടന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പലരും അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഷാജൻ പലപ്പോഴും വ്യാജവാർത്തകൾ കൊടുക്കാറുള്ള ഒരാളാണെന്നും അതുകൊണ്ട് തന്നെ രണ്ട് കിട്ടേണ്ടതാണെന്നും ഒരു കൂട്ടർ ആരോപിക്കുമ്പോഴും തെറ്റ് തെറ്റല്ലാതെ ആവുന്നില്ല.

പക്ഷേ സംഭവമായി ബന്ധപ്പെട്ട് ഷാജൻ തന്നെ ഇട്ട പോസ്റ്റ് പക്ഷേ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറി. തനിക്ക് നേരെ വന്നയാളെ താനാണ് തല്ലിയതെന്ന് ഷാജൻ പോസ്റ്റിൽ പറഞ്ഞു. വീഡിയോയിൽ പക്ഷേ അങ്ങനെയല്ല കാണാൻ സാധിക്കുന്നത്. ഒരുപക്ഷേ ഷാജൻ ഇത്തരം ഒരു പോസ്റ്റിടാതെ പരാതി നൽകിയിരുന്നെങ്കിൽ തല്ലിയ ആൾക്ക് എതിരെ കേസ് വരുമായിരുന്നു. എയർപോർട്ടിൽ വച്ച് നടന്നൊരു സംഭവമായത് കൊണ്ട് യാത്ര ബാൻ വരെ കിട്ടാൻ സാധ്യതയും ഉണ്ടായിരുന്നു.

ഷാജനെ നേരെയുണ്ടായ ഈ സംഭവത്തെ കുറിച്ച് പലരും പോസ്റ്റുകൾ ഇട്ടിരുന്നു. ഇപ്പോഴിതാ സംവിധായകനായ ഒമർ ലുലു ഷാജന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. “ഒരാളെ മർദിക്കുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം ആണ്, വാർത്ത വ്യാജം ആണെങ്കിൽ കേസ് കൊടുക്കുക അല്ലാതെ, അയാളെ വഴിയിലിട്ടു തല്ലിയെന്നത് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല. ഈ കാര്യത്തിൽ മറുനാടനൊപ്പം..”, ഒമർ പോസ്റ്റ് ചെയ്തു.

ഒമറിന്റെ പോസ്റ്റിന് താഴെയും ഷാജന് രണ്ട് കിട്ടണമെന്ന് കമന്റ് ഇടുന്നവരായിരുന്നു കൂടുതൽ. ജോയ് മാത്യു, രമ്യ ഹരിദാസ്, അഡ്വ. ജയശങ്കർ എന്നിവരും ഷാജന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഈ സംഭവത്തിൽ ആര് ആർക്കാണ് കൊടുത്തതെന്ന് കിട്ടിയവർക്കും കൊണ്ടവർക്കും മാത്രം അറിയാമെന്ന് ഒരുകൂട്ടം മലയാളികളും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം യൂസഫിക്ക് എതിരെ കൊടുത്ത വീഡിയോ നീക്കം ചെയ്യണമെന്ന് ഷാജനോട് ഡൽഹി ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.