‘കിംഗ് ഓഫ് കൊത്ത കണ്ടു, ഇഷ്ടപ്പെട്ടു! ദുൽഖറിന്റെ പ്രകടനത്തെ കുറിച്ച് ഒമർ ലുലു..’ – വിമർശിച്ച് കമന്റുകൾ

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യ ചിത്രമെന്ന് വിശേഷിപ്പിച്ച് തിയേറ്ററിലേക്ക് എത്തിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. കൊത്ത രാജു/രാജു മദ്രാസി എന്ന കഥാപാത്രമായി അഭിനയിച്ച ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരുന്നു അത്. പക്ഷേ തിയേറ്ററുകളിൽ ഇറങ്ങിയപ്പോൾ അത്ര മികച്ച പ്രതികരണമായിരുന്നില്ല സിനിമയ്ക്ക് ലഭിച്ചത്. വമ്പൻ പരാജയമാവുകയും ചെയ്തിരുന്നു.

കേരളത്തിന് പുറമേ അന്യസംസ്ഥാനങ്ങളിലെ ഡബ് ചെയ്തിറങ്ങിയ സിനിമ അവിടെ ആദ്യ ദിവസങ്ങളിൽ തന്നെ തിയേറ്ററിൽ നിന്ന് പടിയിറങ്ങിയത്. ദുൽഖറിനെ കൂടാതെ ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 50 കോടി ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ വെറും 30 കോടിയാണ് വേൾഡ് വൈഡ് നേടിയത്. ഈ കഴിഞ്ഞ സെപ്തംബർ 29-നാണ് സിനിമ ഒടിടിയിൽ ഇറങ്ങിയത്. ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലാണ് റിലീസ് ആയത്.

ഒടിടിയിൽ വന്നിട്ടും സിനിമയ്ക്ക് അഭിപ്രായത്തിൽ പ്രേക്ഷകരുടെ ഇടയിൽ മാറ്റങ്ങൾ ഒന്നും വന്നിരുന്നില്ല. അത് പോരാത്തതിന് ഒടിടിയിൽ വന്നതോടെ ട്രോളന്മാർ പല സിനിമകളും ട്രോളി വീഡിയോസ് വരെ ഇടാൻ തുടങ്ങി. ഒരുപക്ഷേ ദുൽഖറിനെക്കാൾ ട്രോൾ ലഭിച്ചത് അതിഥി വേഷത്തിൽ അഭിനയിച്ച സൗബിൻ ആയിരിക്കും. പക്ഷേ സിനിമയെ പറ്റി ഏറെ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

‘കിംഗ് ഓഫ് കൊത്ത കണ്ടു, ഇഷ്ടപ്പെട്ടു.. ദുൽഖർ(തീ സ്മൈലി)..”, ഇതായിരുന്നു ഒമർ ലുലു സിനിമയെ പറ്റി പറഞ്ഞത്. പക്ഷേ ഒമർ ലുലുവിന് വിമർശനമാണ് കേൾക്കേണ്ടി വന്നിരിക്കുന്നത്. അത് സിനിമയെ പറ്റി നല്ലത് പറഞ്ഞതിനല്ല പ്രധാനമായും ഒരു സിനിമ സംവിധായകൻ ചിത്രം ഒടിടിയിൽ കണ്ടിട്ട് അഭിപ്രായം പറഞ്ഞതിനാണ്. എന്തിനാണ് താങ്കളുടെ സിനിമ അപ്പോൾ പ്രേക്ഷകർ തിയേറ്ററിൽ കാണുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.