‘ഈ കെട്ട കാലത്തെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌..’ – പോസ്റ്റുമായി നടി നിഖില വിമൽ

എൽഡിഎഫിന്റെ വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥിയും എംഎൽഎ മുൻ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജ ടീച്ചറിന് വിജയാശംസകൾ നേർന്ന് കൊണ്ട് കുറിപ്പ് പങ്കുവച്ച് സിനിമ നടി നിഖില വിമൽ. വടകരയിൽ കെകെ ശൈലജ ടീച്ചറും ഷാജി പറമ്പിലും തമ്മിൽ ശക്തമായ പ്രചാരണമായിരുന്നു നടത്തിയത്. ഇതിനിടയിലാണ് ശൈലജ ടീച്ചർക്ക് പിന്തുണ അറിയിച്ച് നടി നിഖില വിമലിന്റെ പോസ്റ്റ് വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമായ കാര്യമാണ്.

“നിപ്പയും കൊവിഡുമുള്‍പ്പെടെയുള്ള പാന്‍ഡമിക്കുകളുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനത്തെ മാതൃകാപരമായി നയിച്ച പൊതുപ്രവര്‍ത്തകയാണ് കെ.കെ ശൈലജ ടീച്ചര്‍. പാന്‍ഡമിക്കുകളുടെ കാലത്ത് പ്രതിരോധം സാമൂഹിക ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ നമ്മുടെ ആരോഗ്യ മേഖലയെ അടിമുടി നവീകരിക്കുന്നതിലെല്ലാം അവര്‍ മുന്നില്‍ നിന്നു. സർക്കാർ ആശുപത്രികൾ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവർ മുന്നോട്ടുവച്ചത്.

ആ രാഷ്ട്രീയം നാടിനാവശ്യമാണ്. ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചർ. ദി ഗാർഡിയനിലും, വോഗ് മാസികയിലും ബിബിസിയിലും നമ്മുടെ ടീച്ചർ ഇടംപിടിച്ചു. സിഇയു ഓപ്പൺ സൊസൈറ്റി പ്രൈസ് ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ച പൊതു പ്രവർത്തകയാണ് അവർ. കണ്ണൂർ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതൽ അറിയാൻ അവസരം കിട്ടിയിട്ടുണ്ട്.

പലപ്പോഴും പല പൊതുവേദികളിലും ഒന്നിച്ച് ഇടപെടേണ്ടിയും വന്നിട്ടുണ്ട്. ടീച്ചർ ജയിച്ച് വന്നാൽ നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്‌. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌. കേരളത്തിൽ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചർ പാർലമെന്റിൽ ഉണ്ടാകണം.. അത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രിയപ്പെട്ട ഷൈലജ ടീച്ചർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു..”, നിഖില വിമൽ കുറിച്ചു.