‘മോഹൻലാൽ സാറിനെ വച്ച് ഒരു മുഴുനീള സിനിമ ചെയ്യണം..’ – ആഗ്രഹം തുറന്ന് പറഞ്ഞ് നെൽസൺ ദിലീപ്‌കുമാർ

രജനികാന്ത് ചിത്രമായ ജയിലർ തിയേറ്ററുകളിൽ കളക്ഷൻ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി ജയിലർ മാറി കഴിഞ്ഞു. ഈ കാര്യം നിർമ്മാതാക്കളായ സൺ പിച്ചേഴ്സ് തന്നെ വെളിപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. ബീസ്റ്റ് പോലെ പ്രേക്ഷകരുടെ പഴികേട്ട സിനിമയ്ക്ക് ശേഷമുള്ള സംവിധായകൻ നെൽസൺ ദിലീപ്‌കുമാറിന്റെ ശക്തമായ തിരിച്ചുവരവ്.

മലയാളികൾക്കും ഏറെ അഭിമാനിക്കാനുള്ള വക തന്ന സിനിമയ്ക്കുണ്ട്. മലയാളത്തിന്റെ മോഹൻലാൽ അതിഥി വേഷത്തിലും വിനായകൻ വില്ലൻ വേഷത്തിലും യുവനടി മിർണ മേനോൻ രജനികാന്തിന്റെ മരുമകളുടെ റോളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെ പോലെ കന്നഡയിൽ നിന്ന് ശിവരാജ് കുമാറും അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. നെൽസൺ താൻ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ മനസ്സിലുള്ള മറ്റൊരു ആഗ്രഹം നെൽസൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. മോഹൻലാലിനോട് ഒരു കാര്യം ചോദിക്കണമെങ്കിൽ എന്ത് ചോദിക്കുമെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു നെൽസൺ. അങ്ങനെയൊന്നുമില്ല.. ഉള്ളതൊക്കെ നേരിട്ട് ചോദിച്ചിട്ടുണ്ടെന്ന് നെൽസൺ മറുപടി പറയുകയും ചെയ്തിരുന്നു.

എങ്കിലും ചോദിച്ച കാര്യങ്ങളിൽ ഒന്ന് പറയുമോ എന്ന് അവതാരക വീണ്ടും ചോദിച്ചു. ഇതിന് മറുപടിയായി നെൽസൺ, “അദ്ദേഹത്തെ വച്ച് ഒരു മുഴുനീള സിനിമ എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, അത് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്..”, ഇതായിരുന്നു നെൽസൺ പറഞ്ഞത്. മാത്യു എന്ന മുംബൈയിലെ ഒരു അധോലോക നായകന്റെ കഥാപാത്രത്തെയാണ് ജയിലറിൽ മോഹൻലാൽ അവതരിപ്പിച്ചിരുന്നത്.

നെൽസന്റെ ഈ പ്രതികരണം മോഹൻലാൽ ആരാധകരെ ആവേശത്തിൽ എത്തിച്ചിരിക്കുകയാണ്. രണ്ട് സീനേ ഉള്ളായിരുന്നെങ്കിൽ കൂടിയും നെൽസൺ മോഹൻലാലിനെ ആരാധകർ എങ്ങനെ കാണാൻ ആണ് ആഗ്രഹിച്ചത് അതുപോലെയാണ് ഉപയോഗിച്ചത്. അതുകൊണ്ട് നെൽസൺ മോഹൻലാലിനെ വച്ച് ഒരു മുഴുനീള സിനിമ ചെയ്യുകയും അതിൽ അനിരുദ്ധ് തന്നെ സംഗീത സംവിധാനവും ചെയ്താൽ അത് വേറെ ലെവൽ ആയിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.