തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത മലയാളിയായ താരമാണ് നടി നയൻതാര. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുള്ള നയൻതാര സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമകളിൽ അഭിനയിച്ച് അത് വിജയിപ്പിച്ചാണ് ആ പേര് ലഭിച്ചത്. മലയാളത്തിലൂടെ കരിയർ ആരംഭിച്ച നയൻതാര ഇന്ന് തമിഴിലാണ് ഏറെ സജീവമായി നിൽകുന്നത്. ആദ്യ ബോളിവുഡ് അരങ്ങേറ്റവും കഴിഞ്ഞ വർഷം നടന്നു.
ഏറെ വർഷത്തെ ലിവിങ് റിലേഷൻഷിപ്പിന് ഒടുവിൽ 2022-ലാണ് നയൻതാര കാമുകനായ വിഘ്നേശ് ശിവനെ വിവാഹം കഴിക്കുന്നത്. അതെ വർഷം ഒക്ടോബറിലാണ് നയൻതാര തങ്ങളുടെ വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സന്തോഷ വാർത്ത പങ്കുവച്ചത്. ഉലക്, ഉയിര് എന്നിങ്ങനെയാണ് മക്കളുടെ പേര്. വാടക ഗർഭധാരണത്തിലൂടെ അമ്മയായതിന് എതിരെ അന്ന് കുറെ വിമർശനങ്ങളും നയൻതാര കേട്ടിരുന്നു.
ഇപ്പോഴിതാ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർക്ക് വിഷു ആശംസിച്ചിരിക്കുകയാണ് നയൻതാര. കേരളത്തിൽ വിഷു ആഘോഷിക്കുന്നത് പോലെ തന്നെ തമിഴ് നാട്ടിലെ പുതുവർഷവും ഇതേ ദിവസം തന്നെയാണ്. അതും സൂചിപ്പിച്ചുകൊണ്ടാണ് നയൻതാര ആശംസകൾ നേർന്നത്. ട്രഡീഷണൽ ലുക്കിൽ സെറ്റ് ഉടുത്താണ് നയൻതാരയും കുടുംബവും തിളങ്ങിയത്.
ഇരുവരും രണ്ടുകൈകളിൽ മക്കളെ എടുത്ത് ചേർന്ന് നിൽക്കുന്ന ഫോട്ടോസാണ് പങ്കുവച്ചത്. “വിഷു, തമിഴ് പുതുവത്സരാശംസകൾ. ദൈവം നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ..”, ഫോട്ടോസ് പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. നടി കൃഷ്ണപ്രഭ, പേളി മാണി, തമിഴ് നടൻ സിദ്ധാർഥ് തുടങ്ങിയവർ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. ടെസ്റ്റ് എന്ന സിനിമയാണ് ഇനി നയൻതാരയുടെ ഇറങ്ങാനുള്ളത്.