രാജ്യത്തിന് അഭിമാനമായവർ!! ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മേക്കേഴ്സിനെ നേരിൽ കണ്ട് പ്രധാനമന്ത്രി

95-ാമത് ഓസ്കാർ അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡ് നേടിയ ചിത്രമായിരുന്നു ‘ദി എലിഫന്റ് വിസ്പറേഴ്സ്’. പ്രിസില്ല ഗോൺസാൽവസിന്റെ തിരക്കഥയിൽ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി, തമിഴ്നാട്ടിലെ ദമ്പതികളായ ബൊമ്മനും ബെല്ലിയും രഘു എന്ന അനാഥ ആനക്കുട്ടിയെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും പറയുന്നതാണ്.

ഡിസംബർ എട്ടിന് നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററി, സിഖ്യ എന്റർടൈൻമെന്റ് ആണ് നിർമ്മിച്ചത്. ഓസ്കാർ നേടിയതോടെ മലയാളികൾ ഉൾപ്പടെ ഇത് കാണുകയും ചെയ്തിരുന്നു. ഡോക്യുമെന്ററി വിഭാഗത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററി കൂടിയാണ് ദി എലിഫന്റ് വിസ്പറേഴ്സ്. രാജ്യത്തിൻറെ എല്ലാ ഭാഗത്ത് നിന്നുമുള്ള ആളുകളും ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവാർഡ് ജേതാക്കളെ നേരിൽ കണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഇവർക്ക് ഒപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ദി എലിഫന്റ് വിസ്പറേഴ്സിന്റെ സിനിമാറ്റിക് ബ്രില്യൻസും വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകർഷിച്ചു. ഇന്ന്, അതുമായി ബന്ധപ്പെട്ട മിടുക്കരായ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അവർ ഇന്ത്യയെ ഏറെ അഭിമാനം കൊള്ളിച്ചു..”, പ്രധാനമന്ത്രി കുറിച്ചു.