‘ഇന്ന് അച്ഛന്റെ ഓർമ്മദിനം! 49-ാം വയസ്സിൽ അച്ഛൻ പക്ഷാഘാതമേറ്റ് വീണു..’ – കുറിപ്പുമായി നടൻ മുരളി ഗോപി

1977-ൽ പുറത്തിറങ്ങിയ കൊടിയേറ്റം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഭാരത് ഗോപി. ഗോപിനാഥൻ വേലായുധൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം. പിന്നീട് മലയാളികൾക്ക് എന്നും ഓർമ്മിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.

2008 ജനുവരി 29-നായിരുന്നു അദ്ദേഹം മരണത്തിന് കീഴടക്കിയത്. അദ്ദേഹത്തിന്റെ മകൻ മുരളി ഗോപി ഇന്ന് മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തും നടനുമാണ്. അച്ഛന്റെ ഓർമ്മ ദിനത്തിൽ മുരളി ഗോപി എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. “ഇന്ന് അച്ഛന്റെ ഓർമ്മദിനം.. ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധകാട്ടിയിരുന്നില്ല.
വിരളമായത് കൊണ്ടുതന്നെ കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.

1986-ൽ, തന്റെ 49-ാം വയസ്സിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ 4-5 വർഷങ്ങൾ കടന്നു പോയി. 1990-കളുടെ തുടക്കത്തിൽ, എന്റെ ഓർമ്മ ശരിയെങ്കിൽ, അന്ന് മാതൃഭൂമിയുടെ താര ഫോട്ടോഗ്രാഫറായിരുന്ന ശ്രീ രാജൻ പൊതുവാൾ വീട്ടിൽവന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. “ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?” അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.

പിന്നീട് ഒരുപാട് തവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെ ഉള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷംകൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ.. ഒരു തിരിഞ്ഞുനോട്ടം..”, മുരളി ഗോപി അച്ഛന്റെ ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.