‘ഡബ്ല്യൂസിസി ഒരു കാര്യവും ചെയ്യുന്നില്ല, നയൻതാരയ്ക്ക് വേണ്ടി പാർവതി പോസ്റ്റ് ഇട്ടു..’ – പ്രതികരിച്ച് നടി മെറീന മൈക്കിൾ

ഈ അടുത്തിടെയാണ് നടി മെറീന മൈക്കിൾ തനിക്ക് സിനിമ സെറ്റിൽ നേരിടേണ്ടി വന്നിട്ടുള്ള ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞത്. ഒരു അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോയുമായി തർക്കത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ഈ ദുരനുഭവം പറഞ്ഞത്. ഈ പ്രശ്നത്തെ കുറിച്ച് പറഞ്ഞിട്ട് സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം ഇപ്പോൾ തുറന്നടിച്ചിരിക്കുകയാണ്.

“ഇതിന് മുമ്പ് എന്റെയൊരു ഇന്റർവ്യൂ ക്ലിപ്പ് വൈറലായിരുന്നു, അന്ന് കുറെ പേര് എന്നെ വിളിച്ചു. സുരേഷ് ഗോപി ചേട്ടൻ എന്നെ വിളിച്ചിട്ട് എന്താ മോളെ എന്തെങ്കിലും കുഴപ്പുമുണ്ടോ എന്ന് ചോദിച്ചിരുന്നു. വേറെയും ചില ആർട്ടിസ്റ്റുകൾ എന്നെ വിളിച്ചു. ഇതെല്ലാം കഴിഞ്ഞിട്ടാണ് ഈ രണ്ടാമത്തെ ഇഷ്യൂ വരുന്നത്. എന്നെ ഈ ഡബ്ല്യൂസിസി എന്ന സംഘടനയിൽ നിന്ന് ഇതുവരെ ആരും വിളിച്ചിട്ടില്ല. ഇന്നലെ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.

എനിക്ക് അറിയാം ഞാനൊരു വലിയ ആർട്ടിസ്റ്റ് അല്ല എന്നത്. പക്ഷേ ഞാനും ഈ ഒരു കുടുംബത്തിലെ അംഗം അല്ലെ? ഈ ഡബ്ലുസിസിയിലെ ആളുകളെ എല്ലാം എനിക്ക് അറിയാം. പരിചയമുള്ളവരാണ്. ഇവർ ഇത് അറിയാതെ പോയി എന്നുള്ളത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. എനിക്ക് അത് ഭയങ്കര വിഷമമായി. അപ്പോൾ ഞാനൊരു പോസ്റ്റിട്ടു. ആ പോസ്റ്റിട്ട് ഒന്ന്, രണ്ട് മണിക്കൂറുകൾ കഴിഞ്ഞ് എനിക്ക് അവിടെ നിന്ന് കോളുകൾ വന്നു.

മെമ്പേഴ്സ് ഒക്കെ അറിയുന്നുണ്ട്, ആ സംഘടന ഒരു കാര്യങ്ങളും ചെയ്യുന്നില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു സംഘടനാ ആണെന്ന് പറഞ്ഞിട്ട് അവർ അത് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് പ്രിവില്ലേജ്ഡ് ആയിട്ടുള്ള ആളുകൾക്ക് വേണ്ടി മാത്രമാണ്. ഉദാഹരണത്തിന് ഇപ്പോൾ നയൻ‌താരയുടെ പുതിയ സിനിമ നെറ്ഫ്ലിക്സ് എടുത്തുമാറ്റി. പാർവതി തിരുവോത്ത് എന്ന നടി അതിനെതിരെ പ്രതികരിച്ചു. നയൻ‌താര ഡബ്ല്യൂസിസി മെമ്പർ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അവർ തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്. ഞാൻ മലയാളത്തിലുള്ള ഒരാളാണ്. ചിലപ്പോൾ ഞാൻ വലിയയൊരു താരമല്ല എന്ന് തോന്നിയിട്ടാവാം. ഈ കാര്യങ്ങളെല്ലാം നടക്കുന്നത് അടുപ്പിച്ചുള്ള ദിവസങ്ങളിലുമാണ്. ഞാൻ ഇനി അതിൽ മെമ്പർ അല്ലാത്തോണ്ടാണോ എന്ന് എനിക്കറിയില്ല. അവരുടെ സംഘടനയിലെ മെമ്പർ ആയിട്ടുള്ളവർക്ക് വേണ്ടിയെ ഇനി സംസാരിക്കൂ എന്നതാണ് അവരുടെ രീതി എങ്കിൽ എനിക്ക് അത് അറിയില്ല..”, മെറീന പ്രതികരിച്ചു.