മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് സിനിമകളിൽ ഒന്നാണ് സ്പടികം. ആടുതോമയായുള്ള മോഹൻലാലിൻറെ മിന്നും പ്രകടനം ഇന്നും മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമയുടെ ഹൃദയം കീഴടക്കിയ കുട്ടികാലത്തെ ഒരു കളികൂട്ടുകാരി ഉണ്ടായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ആട് തോമയെന്ന തോമസ് ചാക്കോയുടെ കൂടെ നടന്നവൾ, തുളസി. ഉർവശി അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ സ്കൂൾ കാലം അവതരിപ്പിച്ച ആളെയും പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. കൊച്ചു തുളസിയായി സിനിമയിൽ കിടിലം പ്രകടനം കാഴ്ചവച്ചത് ആര്യ എ.ആർ ആയിരുന്നു. കുറെ വർഷങ്ങളായി ഈ കൊച്ചു തുളസി സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട തുളസി സിനിമയിൽ തിരകെ എത്തിയിരിക്കുകയാണ്. ടോവിനോ തോമസും കീർത്തി സുരേഷും ഒന്നിച്ച വാശി എന്ന സിനിമയിലൂടെയാണ് ആര്യ തിരിച്ചുവരവ് നടത്തിയത്. സ്പടികത്തിൽ തുളസി ആയിരുന്നെങ്കിൽ വാശിയിൽ നന്ദിത എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ഇത്രയും കാലം ആര്യ എവിടെയാണെന്നുള്ള ചോദ്യം പ്രേക്ഷകരിൽ സ്വാഭാവികമായി ഉയർന്നിരുന്നു. ബട്ടർഫ്ലൈസ് എന്ന സിനിമയിലാണ് ആര്യ ആദ്യമായി അഭിനയിച്ചത്.
സ്പടികത്തിലെ അഭിനയിച്ച ശേഷം പഠനത്തിൽ ശ്രദ്ധ കൊടുക്കാൻ വേണ്ടി സിനിമയിൽ നിന്ന് ആര്യ മാറിനിന്നു. ആ സമയത്തും സ്റ്റേജിൽ അവതാരകയായി ആര്യ തിളങ്ങിയിട്ടുണ്ട്. പഠനം കഴിഞ്ഞ് ജോലിയും വിവാഹവും കുടുംബവുമായി താരം തിരക്കിലേക്ക് മാറി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഫ്‍ത്തലമോളോജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയാണ് ആര്യ ഇപ്പോൾ. നല്ല കഥാപാത്രങ്ങൾ വരികയാണെങ്കിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.