‘ഗഫൂറിന്റെ വീട്ടിൽ രാംദാസ് എത്തി! മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് മോഹൻലാൽ..’ – ഫോട്ടോസ് പങ്കുവെച്ച് മകൻ

മലയാളികൾ ഏറെ സ്നേഹ ഹാസ്യനടൻ മാമുക്കോയ കഴിഞ്ഞ വർഷമാണ് നമ്മളെ വിട്ടുപോയത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ മാമുക്കോയയുടെ വേർപാട് തികച്ചും അപ്രതീക്ഷിതമായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയിൽ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വർഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രിൽ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

മലയാള സിനിമ, ടെലിവിഷൻ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എല്ലാം അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. പക്ഷേ മോഹൻലാലും മമ്മൂട്ടിയും എത്തിയില്ല എന്നുള്ള വലിയയൊരു ആക്ഷേപം ആ സമയത്ത് ഉയർന്നിരുന്നു. മോഹൻലാൽ ആ സമയത്ത് ജപ്പാനിൽ ആയിരുന്നു. മമ്മൂട്ടിയുടെ ഉമ്മ മരിച്ച ശേഷം ഉംറക്ക് പോയതാണെന്നും ഇരുവരും വിളിച്ചിരുന്നുവെന്നും അന്ന് മാമുക്കോയയുടെ മകൻ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടിന് ഒപ്പം മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മാമുക്കോയയുടെ വീട്ടിൽ എത്തി കുടുംബത്തെ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മാമുക്കോയയുടെ മകൻ നിസാറാണ്‌ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കുടുംബത്തിലെ യുവതലമുറയ്ക്ക് ഒപ്പം നിന്ന് മോഹൻലാൽ സെൽഫി എടുക്കുകയും ചെയ്തു.

മോഹൻലാൽ, സത്യൻ അന്തിക്കാട്, മാമുക്കോയ എന്നിവർ ഒരുമിച്ച് നിരവധി സിനിമകളാണ് ചെയ്തിട്ടുള്ളത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ സിനിമകളിലെ ഗഫൂർക്കാ എന്ന കഥാപാത്രം മാത്രം മതി മാമുക്കോയയെ എന്നും മലയാളികൾക്ക് ഓർക്കാൻ. അതെ ഗഫൂറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാംദാസ് വീട്ടിൽ എത്തിയെന്നാണ് ചിത്രങ്ങൾക്ക് താഴെ മലയാളികൾ കമന്റുകൾ ഇട്ടത്.