മലയാള സിനിമയിലെ താരങ്ങളിൽ ഭൂരിഭാഗം പേരും സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു തുക ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവരാണ്. പലപ്പോഴും കേരളത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സിനിമ താരങ്ങൾ സഹായഹസ്തവുമായി മുന്നോട്ട് വരുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും മുതൽ യുവതലമുറയിലെ താരങ്ങൾ വരെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നുണ്ട്.
2015-ൽ തന്റെ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ നടൻ മോഹൻലാൽ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ. സമൂഹത്തിലെ താഴെ കിടയിലുള്ള ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹായ പരിപാടികൾ നടത്തുകയും അവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ ആരംഭിച്ചത്.
നിരവധിയായ സത്.പ്രവൃത്തികൾ ഇതിനോടകം ഫൗണ്ടേഷന്റെ കീഴിൽ മോഹൻലാൽ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചിരിക്കുകയാണ് മോഹൻലാൽ. ടാർപോളിൻ ഇട്ട വീട്ടിൽ ഇടി മിന്നലേറ്റ് ദാരുണമായി മരണപ്പെട്ട അജ്ന ജോസിന്റെ കുടുംബത്തിനാണ് വീട് വച്ചുനൽകിയത്.
ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് പങ്കുവച്ചത്. ഹൃദയം സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ വച്ചായിരുന്നു താക്കോൽ ദാനം നടന്നത്. ഇത് സാധ്യമാക്കാൻ തങ്ങളോടൊപ്പം പ്രവർത്തിച്ചതിന് ‘ലാൽകെയേഴ്‌സ് കുവൈറ്റി’ന് പോസ്റ്റിലൂടെ നന്ദി പറയുകയും ചെയ്തു മോഹൻലാൽ. താരത്തിന്റെ ഈ നല്ല മനസ്സിന് നിരവധി പേരാണ് അഭിനന്ദിച്ച് കമന്റുകൾ ഇട്ടത്.