മലയാള സിനിമ മേഖലയ്ക്ക് ഒരു അതുല്യ നടനെ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. മലയാളികളെ ഏറെ ചിരിപ്പുകയും കരിയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. സിനിമയ്ക്ക് പുറത്ത് ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം ഏറെ നന്മകൾ ചെയ്തും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിന്നു. 2014-ൽ ചാലക്കുടിയിൽ എം.പിയാവുകയും ചെയ്തു.
അദ്ദേഹത്തിന്റെ വേർപാടിൽ സഹപ്രവർത്തകർ ദുഖം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഒപ്പം നിരവധി സിനിമകളിൽ ഒപ്പം അഭിനയിച്ച താരങ്ങൾക്ക് ഈ വേർപാട് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ആ കൂട്ടത്തിൽ ഇന്നസെന്റിനെ ഒരു ജേഷ്ഠ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. ഇന്നസെന്റ് മരിച്ചുവെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്.
“എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്.. ആ പേര് പോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സാന്ത്വനവും സ്നേഹവും പകർന്ന്, ഒപ്പം ഉള്ളവരെ ഒരു സഹോദരനെ പോലെ ചേർത്ത് പിടിച്ച്, എന്തുകാര്യത്തിനും കൂടെനിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിലൊതുക്കും എന്ന് അറിയില്ല.. പോയില്ലയെന്ന് വിശ്വസിക്കാൻ ആണ് ഇപ്പോഴും മനസ്സ് പറയുന്നത്.
ഓരോനിമിഷവും ആ നിഷ്കളങ്കചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നുംകൂടെ തന്നെയുണ്ടാവും. എവിടെയാണെങ്കിലും എന്തുകാര്യത്തിനും ഓടി വരാൻ ഇനിയും നിങ്ങൾ ഇവിടെ തന്നെ കാണും..”, മോഹൻലാൽ വേദന പങ്കുവെച്ചു. ദേവാസുരം, വിയറ്റ്നാം കോളനി, മിഥുനം, മണിച്ചിത്രത്താഴ്, പവിത്രം, കിലുക്കം, രാവണപ്രഭ, വരവേൽപ്പ്, ചന്ദ്രലേഖ, ഹരികൃഷ്ണൻസ്, ബാലേട്ടൻ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇന്നസെന്റും മോഹൻലാലും ഒന്നിച്ച അഭിനയിച്ചിട്ടുണ്ട്.