‘കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദം ആയിരുന്നു..’ – ഇന്നസെന്റിന്റെ വിയോഗത്തിൽ കണ്ണീരോട് ദിലീപ്

മലയാള സിനിമ, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് രാത്രി 10:30 യോടെയാണ് ഇന്നസെന്റിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ഏറെ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇന്നസെന്റിന്റെ ആരോഗ്യ നില വളരെ മോശമായിരുന്നു. 75 വയസ്സായിരുന്നു. 750 ഓളം സിനിമകളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്.

അര്‍ബുദ രോഗത്തോട് പോരാടി വിജയിച്ച അദ്ദേഹത്തിന് അതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ഇന്നസെന്റ് വീണ്ടും ആശുപത്രിയിൽ ഈ അടുത്തിടെ ആയത്. ഇന്നസെന്റിന്റെ വേർപാടിൽ സിനിമ ലോകം ഒന്നടങ്കം സങ്കടത്തിലാണ്. വളരെ അപ്രതീക്ഷിതമായിരുന്നു ഈ വിയോഗം. ഇന്നസെന്റിന് ശബ്ദം അനുകരിച്ചാണ്‌ നടൻ ദിലീപ് മലയാളികളുടെ മനസ്സിൽ ആദ്യം ഇടം നേടിയിട്ടുള്ളത്.

ഇന്നസെന്റിന്റെ വിയോഗത്തിൽ ദിലീപ് പങ്കുവച്ച് വേദനാജനകമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. “വാക്കുകൾ മുറിയുന്നു.. കണ്ണുകളിൽ ഇരുട്ടുമൂടുന്നു.. ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നുപറയുന്ന വാക്കുകൾ കേട്ട്.. ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്. അച്ഛനെ പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്ക് ഒപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു.

കലാ രംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദം ആയിരുന്നു.. പിന്നീട് സിനിമയിൽ എത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതലായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസ വാക്കുകൾ കരുത്തായിരുന്നു. ഇനിയാ ശബ്ദവും, രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ!! ഇല്ല, ഇന്നസെന്റേട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്ക് ഒപ്പം, ഞങ്ങൾക്ക് ഒപ്പം നിങ്ങൾ ഉണ്ടാവും..”, ദിലീപ് കുറിച്ചു.