‘വാലിബൻ വളരെ വ്യത്യസ്തമായ സിനിമയാണ്, ലിജോ അത് ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്..’ – മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. മലയാളത്തിന്റെ ബിഗ് എമ്മസിന്റെ കൂടെ അടുത്തടുത്ത സിനിമകൾ ചെയ്യാൻ ലിജോയ്ക്ക് സാധിച്ചിരിക്കുകയാണ്. പ്രേക്ഷകരും ഏറെ പ്രതീക്ഷയിൽ തന്നെയാണുള്ളത്.

വാലിബൻ പ്രതീക്ഷകളെ കുറിച്ച് ഇപ്പോൾ മോഹൻലാൽ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. “ഞങ്ങളും വലിയ പ്രതീക്ഷയിൽ തന്നെ ആണ്. വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്. അതിനെ ട്രീറ്റ് ചെയ്തിരിക്കുന്ന രീതി, ഒരു വെസ്റ്റേൺ സിനിമ എന്ന രീതിയിലാണ്. ഒരു കാലദേശങ്ങളൊന്നുമില്ലാത്ത ഒരു കഥയാണ് അതിന്. അതിന്റെ മ്യൂസിക് ആയാലും അതിൽ ഉപയോഗിച്ചിരിക്കുന്ന കളർ പാറ്റേൺ ആണെങ്കിലും അതിലെ ആക്ഷൻസും ഒക്കെ ഒരുപക്ഷേ മലയാള സിനിമയിൽ ആദ്യമായിട്ട് കാണുന്ന തരത്തിലുള്ളത് ആയിരിക്കും.

അതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. വലിയൊരു ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോ അത് വളരെ അധികം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്, എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കി പ്രേക്ഷകർ പറയട്ടെ.. തീർച്ചയായിട്ടും അതൊരു മാസ് സിനിമയായിട്ട് വേണമെങ്കിൽ കാണാം, കുറച്ച് ആത്മീയമായിട്ട് കാണാം, അതിലൊരു ഫിലോസോഫിയുണ്ട്. വളരെ സീരിയസ് സിനിമയായിട്ട് കാണാം. അത് കാഴ്ചക്കാരുടെ മനസ്സിലേക്കാണ് ആ ചോദ്യങ്ങൾ കൊടുക്കേണ്ടത്..”, മോഹൻലാൽ പറഞ്ഞു.

ഇത് കൂടാതെ ബറോസിനെ കുറിച്ചും ജയിലറിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ബറോസിന്റെ റെക്കോർഡിങ് വിദേശത്ത് നടക്കുകയാണെന്നും ഡിസംബറോടെ ആ സിനിമ റിലീസ് ചെയ്യാൻ പറ്റുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ജയിലർ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള സിനിമയാണെന്നും അതിലെ തന്റെ കഥാപാത്രവും താത്‌പര്യമുണര്‍ത്തുന്ന ഒന്നാണെന്നും കൂടുതൽ പറയാൻ പറ്റില്ലെന്നും മോഹൻലാൽ പങ്കുവച്ചു.