‘പതിനെട്ടാം ജന്മദിനം ആഘോഷമാക്കി മീനാക്ഷി! ഗൗണിൽ അതിസുന്ദരിയായ താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. വൺ ബൈ ടു എന്ന സിനിമയിലാണ് ആദ്യമായി ബാലതാരമാവുന്നതെങ്കിലും മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത് 2015-ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ്. അതിലെ പാത്തു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മീനാക്ഷി കാഴ്ചവച്ചത്. അനുനയ എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

അതിന് ശേഷം മോഹൻലാലിന് ഒപ്പം എന്ന സിനിമയിൽ അഭിനയിച്ചതോടെ മീനാക്ഷിക്ക് കൂടുതൽ പ്രിയങ്കരിയായി മാറാനും സാധിച്ചു. ഒരുപാട് ആരാധകരെയും ചെറിയ പ്രായത്തിൽ തന്നെ മീനാക്ഷിക്ക് ലഭിച്ചു. ഇരുപതിൽ അധികം സിനിമകളിൽ മീനാക്ഷി ഇതുവരെ അഭിനയിച്ചിട്ടുണ്ട്. രണ്ട് വർഷമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് മീനാക്ഷി. എങ്കിലും ടെലിവിഷൻ രംഗത്ത് മീനാക്ഷിയുണ്ട്.

ഫ്ലാവേഴ്സ് ടിവിയിലെ മ്യൂസിക് റിയാലിറ്റി ഷോയായ ടോപ് സിംഗറിലെ അവതാരകയാണ് മീനാക്ഷി. അതിലൂടെ മീനാക്ഷി ഒരുപാട് ആരാധകരെ നേടുന്നുണ്ട്. കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയാണ് മീനാക്ഷിയ്ക്ക് ഇത്രയും ജനപ്രീതി നേടി കൊടുത്തത്. ടോപ് സിംഗറിന്റെ ആദ്യ സീസൺ മുതൽ ഇപ്പോൾ നടക്കുന്ന നാലാമത്തെ സീസൺ വരെ മീനാക്ഷി തന്നെയായിരുന്നു അവതാരകയായി തുടരുന്നത്.

ഇപ്പോഴിതാ മീനാക്ഷിയ്ക്ക് പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കുകയാണ്. പതിനെട്ടാം ജന്മദിനം മീനാക്ഷി ആഘോഷമാക്കിയിരിക്കുകയാണ്. “ആശംസകൾ നേർന്നതിനും, എനിക്കായി ആസൂത്രണം ചെയ്തതിനും, എന്നെ ആശ്ചര്യപ്പെടുത്തിയതിനും, എന്നെ സന്തോഷവതി ആക്കിയതിനും എല്ലാവർക്കും നന്ദി!! ഞാൻ ശരിക്കും ആഹ്ളാദഭരിതയാണ്. എന്നേക്കും എന്നെ ഇതുപോലെ സ്നേഹിക്കുക..”, മീനാക്ഷി കുറിച്ചു. ഗൗണിൽ അതിസുന്ദരിയായ മീനാക്ഷി ജന്മദിനം ആഘോഷിച്ചു.