‘ധനുഷുമായി മാത്രമല്ല, വേറെ പലരുടെയും പേര് ചേർത്ത് വാർത്ത വന്നിട്ടുണ്ട്, വിഡ്ഢിത്തരം..’ – പ്രതികരിച്ച് നടി മീന

സമൂഹ മാധ്യമങ്ങളിൽ സിനിമ താരങ്ങളെ കുറിച്ച് ഗോസിപ്പുകൾ വരിക എന്നത് ഒരു പതിവ് കാഴ്ചയാണ്. കുറച്ച് നാൾ മുമ്പ് ഇത്തരത്തിൽ തെന്നിന്ത്യൻ നടി മീനയും നടൻ ധനുഷുമായി വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ കുറച്ച് വാർത്തകൾ വന്നിരുന്നു. മീനയുടെ ഭർത്താവിന്റെ മരണശേഷമാണ് ഇത്തരമൊരു പ്രചാരണം വന്നത്. അന്ന് മീനയോ ധനുഷോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മീന ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

“അങ്ങനെയൊരു വാർത്ത എങ്ങനെ വന്നു, എങ്ങനെ ആരംഭിച്ചു എന്ന് എനിക്ക് ഒരു ഐഡിയയുമില്ല.. ആരെങ്കിലും സിംഗിളായിട്ട് നിന്ന് കഴിഞ്ഞാൽ ഉടനെ അവരെ അങ്ങ് കല്യാണം കഴിപ്പിച്ചു വിടാമെന്ന് അവർ ചിന്തിക്കുന്നുണ്ടാവും.. വിഡ്ഢിത്തരം അല്ലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെ, ഞാൻ മൈൻഡ് ചെയ്യാറില്ല. ധനുഷിനെ വച്ച് മാത്രമല്ല, വേറെയും കുറെ പേരുകൾ വച്ച് എന്നെ ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ചിലപ്പോൾ ദേഷ്യം തോന്നാറുണ്ട്, ചിലപ്പോൾ ചിരി വരും ഓരോന്ന് കാണുമ്പോൾ.

എപ്പോഴും ഒരു സ്റ്റാറായിട്ട് ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുറച്ച് പേർസണൽ കാര്യങ്ങൾ, ചിന്തകൾ, സ്പേസ് അങ്ങനെ പോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് എന്ന രീതിയിൽ ഒരു പരിഗണന ഞാൻ സ്വയം കൊടുത്താണ് മീഡിയകളിൽ നിന്ന് കുറച്ചുകാലം മാറി നിന്നത്. എപ്പോഴും ഫ്രണ്ട്സ്, ഫാമിലി, ഫാൻസ്, പ്രേക്ഷകർ എന്ന് ചിന്തിക്കാതെ സ്വന്തം കാര്യം ഞാൻ നോക്കിയിരുന്നില്ല. അതുകൊണ്ടാണ് ആ സമയത്ത് മാറി നിന്നത്..”, മീന പറഞ്ഞു.

നാല്പത് വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിയുടെ റോളിൽ അഭിനയിച്ചിരിക്കുകയാണ് മീന. ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിലാണ് കോളേജ് വിദ്യാർത്ഥിയായി മീന വേഷം ചെയ്യുന്നത്. ഈ സിനിമയുടെ പ്രൊമോഷൻ നൽകിയ അഭിമുഖത്തിലാണ് ധനുഷുമായി ബന്ധപ്പെട്ട ഗോസിപ്പിനെ കുറിച്ച് മീന പ്രതികരിച്ചത്. ചിത്രം ഇന്ന്(മാർച്ച് 1) തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.