‘കൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന മേയർ ആര്യ രാജേന്ദ്രൻ, അമ്മയെ ശല്യം ചെയ്യാതെ ദുവ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് ആര്യ രാജേന്ദ്രൻ. 21-ാം വയസ്സിൽ കൗൺസിലറായി ആര്യ വിജയിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ അധികാരമേറ്റപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ അത് തരംഗമായിരുന്നു. ബാലുശ്ശേരി എംഎൽഎയായ സച്ചിൻ ദേവുമായി കഴിഞ്ഞ വർഷം ആര്യ വിവാഹിതയാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ഇരുവർക്കും കുഞ്ഞു ജനിച്ചത്. ദുവ ദേവ് എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയ പേര്. ഇപ്പോഴിതാ ഒരു മാസത്തോളം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ട് മേയറുടെ ഓഫീസിൽ ജോലിയിൽ ഏർപ്പെടുന്ന ആര്യയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ആര്യയുടെ ഒരു കൈയിൽ കിടക്കുന്ന കുഞ്ഞും മറ്റേ കൈകൊണ്ട് ഓഫീസ് ജോലികളും ചെയ്യുന്ന ചിത്രമാണ് വന്നത്.

അമ്മയെ ശല്യം ചെയ്യാതെ ഒന്ന് കരയാതെ ആര്യയുടെ കൈകളിൽ ദുവ ഉറങ്ങുകയായിരുന്നു. ‘അടിക്കുറിപ്പുകൾ ആവശ്യമില്ലാത്ത ചിത്രം..’ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ആര്യയുടെ ജോലിയിലുള്ള ആത്മാർത്ഥതയാണ് ഇതെന്ന് ആളുകൾ പോസ്റ്റുകളാക്കി ഇടുന്നത്. ആര്യ പക്ഷേ ഈ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടില്ല.

ഇതുപോലെയുള്ള രാഷ്ട്രീയക്കാരെയാണ് നമ്മുക്ക് വേണ്ടതെന്ന് പലരും കമന്റുകൾ ഇട്ടു. മുമ്പൊരിക്കൽ പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ തന്റെ കുഞ്ഞുമായി ഒരു വേദിയിൽ ഇരിക്കുന്ന ചിത്രം വന്നപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ഇടത് അനുകൂല അക്കൗണ്ടുകളിൽ നിന്ന് ശബരിനാഥിന്റെ ഭാര്യയായ കാരണത്താൽ പ്രഹസനമെന്ന രീതിയിൽ കമന്റുകൾ ഇട്ടിരുന്നെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.