‘വർഷങ്ങൾക്ക് ശേഷം കുട്ടൻ തമ്പുരാൻ വീണ്ടും മുചുകുന്നിൽ, നൊസ്റ്റാൾജിയയെന്ന് മനോജ് കെ ജയൻ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇഷ്ടപ്പെട്ട ഒരു സിനിമ നടനാണ് മനോജ് കെ ജയൻ. 35 വർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് മനോജ് കെ ജയൻ. കർണാട്ടിക് സംഗീതജ്ഞനായ കെജി ജയന്റെ മകൻ കൂടിയായ മനോജ് സിനിമയിൽ ഒരു അഭിനേതാവ് എന്ന നിലയിൽ തിളങ്ങി. നായകനായും വില്ലനായും ഹാസ്യ താരമായിയൊക്കെയും മലയാളികളെ രസിപ്പിച്ചിട്ടുണ്ട് താരം.

മനോജ് കെ ജയന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും ആദ്യമായി ഓർമ്മ വരുന്ന കഥാപാത്രങ്ങളായിരിക്കും സർഗത്തിലെ കുട്ടൻ തമ്പുരാനും അതുപോലെ അനന്തഭദ്രത്തിലെ ദിഗംബരനും. രണ്ടും വേറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. മനോജിന്റെ സിനിമ ജീവിതത്തിൽ ഏറെ പ്രാധാന്യം നിറഞ്ഞ രണ്ട് കഥാപാത്രങ്ങൾ കൂടിയാണ് ഇത് രണ്ടും. സർഗത്തിലെ കുട്ടൻ തമ്പുരാനായി അഭിനയിച്ചിട്ട് 33 വർഷങ്ങൾ കഴിയുകയാണ്.

ഇപ്പോഴിതാ 33 വർഷങ്ങൾക്ക് ശേഷം സർഗം ഷൂട്ട് ചെയ്ത കൊയിലാണ്ടിയിലെ മുചുകുന്നിൽ വീണ്ടും എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മനോജ് കെ ജയൻ. “കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ.. ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ.. ’സർഗത്തിലെ’ കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും, അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി.

33 വർഷങ്ങൾക്ക് ശേഷം.. വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്.. എൻ്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും, സർഗത്തിൻ്റെ എല്ലാ സഹപ്രവർത്തകരെയും ഹൃദയം കൊണ്ട് നമിച്ചു..”, മനോജ് കെ ജയൻ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. കോഴിക്കോടിൻ്റെ സ്വന്തം കുട്ടൻ തമ്പുരാൻ ഞങ്ങൾക്ക് അത്ര പെട്ടന്ന് മറക്കാൻ പറ്റുമോ എന്ന് അവിടെ നിന്നുള്ളവരും കമന്റുകൾ ഇടുകയുണ്ടായി.