ആനന്ദ് ടിവി ഫിലിം അവാർഡ്സ് യു.കെയിൽ മാഞ്ചെസ്റ്ററിൽ വച്ച് നടന്നു. യൂറോപ്പിലെ ആദ്യത്തെ മലയാള ടെലിവിഷൻ ചാനലായ ആനന്ദ് ടി.വി ഇത് നാലാമത്തെ തവണയാണ് ഫിലിം അവാർഡ്സ് നടത്തുന്നത്. മാഞ്ചസ്റ്ററിനെ സാക്ഷിയാക്കി നടന്ന താരനിഷ പ്രൗഢോജ്വലമായി അരങ്ങേറി. അവാർഡ് നൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി എത്തുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഇത് കൂടാതെ മികച്ച സിനിമയ്ക്കുള്ള അവാർഡ് മമ്മൂട്ടി കമ്പനി നിർമ്മിച്ച റോഷാക്ക് എന്ന ചിത്രത്തിനാണ് ലഭിച്ചത്. സിനിമയുടെ നിർമ്മാതാവായ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന് നടി മഞ്ജു വാര്യരാണ് അവാർഡ് നൽകിയത്. ഇത്രയും വർഷത്തെ സിനിമയിൽ വിസ്മയിപ്പിച്ച മമ്മൂട്ടിയെ അവാർഡ് വേദിയിൽ ആദരിക്കുകയും ചെയ്തു. അവാർഡ് നൈറ്റിൽ എല്ലാവരും കൂടി ചേർന്നാണ് മമ്മൂട്ടിയെ പൊന്നാട അണിയിച്ചത്.
അതേസമയം മികച്ച നടനുള്ള പുരസ്കാരം ടോവിനോ തോമസും കുഞ്ചാക്കോ ബോബനും അർഹരാവുകയും ഇരുവരും മമ്മൂട്ടിയുടെ കൈയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ അർഹനായപ്പോൾ, ടോവിനോ മിന്നൽ മുരളിയിലെ പ്രകടനത്തിനാണ് ടോവിനോ അവാർഡ് ഏറ്റുവാങ്ങിയത്. ബഹുമുഖ നടനായി ജോജു ജോർജ് അവാർഡ് ഏറ്റുവാങ്ങി.
മഞ്ജു വാര്യരാണ് മികച്ച നടിക്കുള്ള അവാർഡിന് അർഹയായത്. ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, മേരി ആവാസ് സുനോ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് മഞ്ജു അവാർഡ് നേടിയത്. എന്നാൽ മഞ്ജുവിന് സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴയാണ് അവാർഡ് നേടിയതിലൂടെ കിട്ടിയിരിക്കുന്നത്. മഞ്ജുവിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച നടിമാർ ഉണ്ടായിരുന്നു എന്നായിരുന്നു വിമർശനങ്ങൾക്ക് കാരണമായത്.