December 11, 2023

‘ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു..’ – പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ

ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വരികയും പിന്നീട് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത താരമാണ് നടി മഞ്ജിമ മോഹൻ. കാളിയൂഞ്ഞാൽ, മയില്പീലിക്കാവ് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലേക്ക് എത്തിയ മഞ്ജിമ, കുഞ്ചാക്കോ ബോബന്റെ പ്രിയം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായി മാറി.

സുന്ദരപുരുഷൻ ആയിരുന്നു മഞ്ജിമയുടെ ബാലതാരമായി അഭിനയിച്ച അവസാന ചിത്രം. അതിന് ശേഷം 14 വർഷങ്ങൾക്ക് ഇപ്പുറം നിവിൻ പൊളി ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് മടങ്ങി വന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലാണ് മഞ്ജിമ ആദ്യമായി നായികയായി അഭിനയിച്ചത്. അതിന് ശേഷം തമിഴിലേക്ക് പോയ മഞ്ജിമ, മിഖായേൽ എന്ന നിവിൻ പൊളി ചിത്രത്തിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ എഫ്.ഐ.ആറാണ് മഞ്ജിമയുടെ അവസാന റിലീസ് ചിത്രം. തമിഴിൽ ദേവരാട്ടം എന്ന ചിത്രത്തിൽ ഗൗതം കാർത്തിക്കിന്റെ നായികയായി അഭിനയിച്ച ശേഷം ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു. സിനിമ ഇറങ്ങി മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം മഞ്ജിമ ആ സത്യം തന്റെ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. തമിഴ് നടനും ഗായകനുമായ കാർത്തിക്കിന്റെ മകനാണ് ഗൗതം.

“3 വർഷം മുമ്പ് എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടപ്പോൾ, ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.. ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് നീ എനിക്ക് മനസ്സിലാക്കി തന്നു. ഞാൻ താഴേക്ക് വീണുപോകുമ്പോൾ നീ എന്നെ വലിച്ചുകയറ്റി. എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു.

ഞാൻ നിന്നെ സ്നേഹിക്കുന്നതിന് പ്രധാന കാര്യം, ഞാൻ എന്താണെന്ന് മനസ്സിലാക്കി നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് അറിഞ്ഞിട്ടാണ്. നീ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും..”, മഞ്ജിമ ഗൗതമിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധി താരങ്ങളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. പഴയ പോസ്റ്റുകളെല്ലാം ഇപ്പോൾ മഞ്ജിമയുടെ അക്കൗണ്ടിൽ ഇല്ലെന്നതും ശ്രദ്ധേയമായ ഒന്നാണ്.