സിനിമ താരങ്ങളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രായമായവരുടെയും വീഡിയോ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഇങ്ങനെ മുതിർന്ന താരങ്ങളെയും യുവതാരങ്ങളെയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ പലരും പങ്കുവെക്കുകയും പലപ്പോഴും താരങ്ങൾ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ ആശുപത്രി കിടക്കയിൽ കിടന്ന് ഒരു കൊച്ചുകുട്ടി മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞുകൊണ്ട് ചെയ്ത താരത്തിന്റെ ശ്രദ്ധയിൽപ്പെടുകയും കുട്ടിയെ കാണാനായി മമ്മൂട്ടി എത്തുകയും ചെയ്തിരിക്കുകയാണ്. ഇതിന് മുമ്പും മമ്മൂട്ടി ഇതുപോലെ ചെയ്തിട്ടുണ്ട്. ചെല്ലാൻ എത്താൻ പറ്റാത്ത സ്ഥലമാണെങ്കിൽ അവരെ വീഡിയോ കോളിലൂടെ എങ്കിലും മമ്മൂട്ടി ബന്ധപ്പെടാനും ശ്രമിക്കാറുണ്ട്.
മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞുള്ള കുട്ടിയുടെ വീഡിയോയും താരം അവിടെ എത്തിയതിന് ശേഷമുളള ദൃശ്യങ്ങളും ഒരുമിച്ച് ചേർന്നാണ് ആരാധകർ ഇപ്പോൾ ഷെയർ ചെയ്യുന്നത്. മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായ എൻ.എം ബാദുഷയാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന കുട്ടിയെ കാണാൻ എത്തിയ മമ്മൂട്ടിയുടെ നല്ല മനസ്സിനെ പലരും അഭിനന്ദിച്ചു.
“ഹലോ മമ്മൂട്ടി അങ്കിൾ.. നാളെ എന്റെ ബർത്ത് ഡേയാ.. നാളെ എന്നെ ഒന്ന് വന്നു കാണുവോ? ഞാൻ അങ്കിളിന്റെ വലിയ ഫാനാ..”, എന്നാണ് കുട്ടി വീഡിയോയിൽ പറയുന്നത്. ചോക്ലേറ്റ് വാങ്ങിക്കൊണ്ടാണ് കുട്ടിയെ കാണാനായി മമ്മൂട്ടി എത്തിയത്. നിർമ്മാതാവായ ആന്റോ ജോസഫും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുട്ടിക്ക് ഒപ്പം കുറച്ച് സമയം ചിലവിട്ടിട്ടാണ് മമ്മൂട്ടി മടങ്ങിയത്.