‘സിനിമയിൽ എനിക്ക് അടി കൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണ് നിറയും..’ – അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപ്പറമ്പിൽ ഇസ്മായിൽ ആണ് ഭർത്താവ്. ആലപ്പുഴ ജില്ലയിലെ ചന്തിരൂരാണ് ജനനം. ഖബറടക്കം ഇന്ന് കോട്ടയത്തെ ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.

മമ്മൂട്ടിയെ കൂടാതെ സിനിമ, സീരിയൽ നടനായ ഇബ്രാഹിംകുട്ടി, നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, മക്ബൂൽ സൽമാൻ, അഷ്കർ സൗദാൻ എന്നിവർ കൊച്ചുമക്കളാണ്. ഉമ്മയെ കുറിച്ച് പറയുമ്പോൾ എന്നും മമ്മൂട്ടിക്ക് നൂറ് നാവായിരുന്നു. ഒരു പഴയ അഭിമുഖത്തിൽ മമ്മൂട്ടി ഉമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

“ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ, അല്ലെങ്കിൽ ആരെങ്കിലും ഒന്ന് അടിച്ചാൽ എന്റെ ഉമ്മയുടെ കണ്ണ് നിറയും. എന്റെ ഉമ്മയൊരു പാവമാണ്. എന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടപെട്ടത് ഏതാണെന്ന് ചോദിച്ചാൽ ഉമ്മ കൈമലർത്തി കാണിക്കുമായിരുന്നു, അങ്ങനെ ഒന്നും പറയാൻ ഉമ്മയ്ക്ക് അറിയില്ല. ഉമ്മ കുറച്ച് ദിവസം എന്റെ വീട്ടിൽ നിൽക്കും. പെട്ടന്ന് തോന്നും ഇളയമകന്റെ അടുത്തേക്ക് പോകണമെന്ന്.

‘എന്നെ അവിടെ കൊണ്ടാക്ക് എന്ന് പറഞ്ഞ് ബഹളം വെക്കും. ഒരാഴ്ച അവിടെ നിന്ന ശേഷം അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലും പറന്ന് പറന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ടെന്ന് ഉമ്മ ഓർമ്മിപ്പിക്കുകയാണ്. ‘ഉമ്മയ്ക്ക് എന്നെ ഒട്ടുമിഷ്ടമല്ല, മറ്റ് മക്കളെയാണ് കൂടുതൽ ഇഷ്ടം’ എന്ന് പറഞ്ഞ് ഞാൻ ഉമ്മയെ പ്രകോപിപ്പിക്കും.. അപ്പോഴും ഉമ്മ ചിരിക്കും..”, മമ്മൂട്ടി പഴയ അഭിമുഖത്തിൽ പറഞ്ഞു.