‘സ്കൂൾ കുട്ടികളായി മമിത ബൈജുവും ഗോപിക രമേശും!! ഫോർ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

സ്കൂൾ പശ്ചാത്തലത്തിൽ ഇറങ്ങുന്ന സിനിമകൾ കാണാൻ എന്നും പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്ലസ് വൺ- പ്ലസ് ടു ലൈഫിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ആ സിനിമ 50 കോടിയിൽ അധികം കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ സ്കൂൾ പശ്ചാത്തലത്തിൽ വീണ്ടുമൊരു കുഞ്ഞ് സിനിമ പുറത്തിറങ്ങുകയാണ്.

സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സ്കൂൾ ജീവിതവും, സൗഹൃദവും അടിയും പ്രണയവുമെല്ലാം ട്രെയിലറിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. മാസ്ക് എന്ന സിനിമയ്ക്ക് ശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള ഒരുപിടി കുട്ടി താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഖോ ഖോയിലൂടെ ശ്രദ്ധനേടിയ മമിതാ ബൈജു, ഫിലിപ്സ് ആൻഡ് ദി മങ്കി പെനിലെ ജുഗ്രുവായ ഗൗരവ് മേനോൻ, തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗോപിക രമേശ്, പറവയിലെ താരങ്ങളായ അമൽ ഷാ, ഗോവിന്ദ് പൈ, നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച മിനോൺ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്.

ഇവരെ കൂടാതെ നിരവധി വലിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിദ്ധിഖ്, സുരേഷ് കൃഷ്ണ, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടർ, നവാസ് വള്ളിക്കുന്ന്, സ്മിനു സിജോ, റോഷൻ ബഷീർ, സാധിക വേണുഗോപാൽ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ബിജിപാൽ സംഗീതം നിർവഹിക്കുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് വേണു ഗോപാലകൃഷ്ണനാണ്. പ്രകാശ് വേലായുധനാണ്‌ ക്യാമറ ചെയ്തിരിക്കുന്നത്.