‘നിങ്ങൾ ആരും വിഷമിക്കേണ്ട, ഞാൻ തിരിച്ചു വരും! മഹേഷിന്റെ ഇപ്പോഴത്തെ അവസ്ഥ..’ – വീഡിയോ കാണാം

അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധി സഞ്ചരിച്ചിരുന്ന അതെ കാറിൽ യാത്ര ചെയ്‌ത്‌ ഗുരുതരമായ പരിക്കേറ്റ ഒരാളായിരുന്നു മിമിക്രി താരവും ഡബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ. ഏഴ് മണിക്കൂറോളം നീണ്ടുനിന്ന സർജറി മഹേഷിന് വേണ്ടി നടത്തിയിരുന്നു. അപകടം നടന്ന ശേഷമുള്ള മഹേഷിന്റെ ആദ്യ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്.

“എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. എല്ലാവർക്കും അറിയാം മിമിക്രി ആണെന്റെ മെയിൻ. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. ഇനി കുറച്ച് നാളത്തേക്ക് റെസ്റ്റ് ആണ്. നിങ്ങൾ ആരും വിഷമിക്കണ്ട പഴയതിനെക്കാൾ അടിപൊളിയായി ഞാൻ തിരിച്ചുവരും. അപ്പോഴും നിങ്ങൾ എന്റെ കൂടെയുണ്ടാകണം. എന്നെ പിന്തുണയ്ക്കണം..

വടകരയിലെ പ്രോഗ്രാം കഴിഞ്ഞ് എനിക്ക് അത്യാവശ്യമായി എറണാകുളത്തേക്ക് വരേണ്ടി വന്നു. അവർക്കൊപ്പം വണ്ടിയിൽ കയറി. കയറുമ്പോൾ എല്ലാവരും ഹാപ്പിയായി ബിനു ചേട്ടൻ കൗണ്ടർ ഒക്കെ പറഞ്ഞിരിക്കുവായിരുന്നു. പക്ഷേ സ്ഥിരമായി പരിപാടിയ്ക്ക് പോയി എന്റെ ഉറക്കമൊന്നും ശരിയല്ലായിരുന്നു. അപ്പോൾ ഞാൻ വണ്ടിയിൽ ഇരുന്നു ഉറങ്ങിപ്പോയി അപകടം നടന്ന സമയത്ത് എനിക്ക് ഒന്നും ഓർമ്മയില്ല.

സർജറി സമയത്താണ് ഞാൻ സുധിച്ചേട്ടൻ മരിച്ചവിവരം അറിയുന്നത്. ആരും എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ എനിക്കറിയാമായിരുന്നു. സിനിമ മേഖലയിലുള്ള പല ആളുകളും എന്നെ വിളിച്ചു സംസാരിച്ചു. ബിനു ചേട്ടനും എന്നെ ഇടയ്‌ക്കിടെ വിളിക്കാറുണ്ട്..”, മഹേഷ് പറഞ്ഞു. മഹേഷ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് കമന്റുകൾ ഇട്ടത്.