‘തട്ടമിട്ട് നടന്നില്ലെങ്കിൽ സ്വർഗം കിട്ടില്ലെന്ന്! എന്നെ സ്വർഗത്തിൽ എത്തിക്കാൻ എന്താ തിടുക്കം..’ – പ്രതികരിച്ച് റാഫിയുടെ ഭാര്യ മഹീന

സിനിമ, സീരിയൽ രംഗത്ത് അഭിനയിച്ച് മലയാളികൾക്ക് സുപരിചിതനായ താരമാണ് മുഹമ്മദ് റാഫി. കണ്ണിമംഗലം കോവിലകം എന്ന യൂട്യൂബ് ചാനലിൽ വെബ് സീരീസുകൾ ചെയ്തു തുടങ്ങിയ റാഫിയെ ഫ്ലാവേഴ്സ് ടിവിയിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലേക്ക് എത്തിയതോടെ കേരളം ഒട്ടാകെ അറിയപ്പെടുന്ന ഒരു താരമായി മാറി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റാഫിയുടെ വിവാഹം നടന്നത്. കൊല്ലം സ്വദേശിനിയായ മഹീനയാണ് ഭാര്യ.

റാഫിയുമായുള്ള വിവാഹത്തിന് ശേഷം മഹീനയും യൂട്യൂബറായി മാറിയിരുന്നു. ഈ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു വീഡിയോ മഹീന ചെയ്തിരുന്നു. അതിൽ തന്നെ മഹീന നെഗറ്റീവ് കമന്റുകൾ വരുമ്പോൾ എന്താണ് ചെയ്യാറുള്ളതെന്നുള്ള ചോദ്യം ഉണ്ടായിരുന്നു. ഇതിന് മഹീന നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്.

“ഭയങ്കര നെഗറ്റീവ് കമന്റസ് ഒന്നും എനിക്ക് വരാറില്ല. എനിക്ക് കൂടുതൽ വരാറുള്ള നെഗറ്റീവ് കമന്റ് എന്ന് പറയുന്നത് ഞാൻ തട്ടം ഇട്ടില്ലെങ്കിലാണ്. ഞാനൊരു മുസ്ലിം ആയതുകൊണ്ടായിരിക്കാം അത് വരുന്നത്. ഞാനൊരു ഹിന്ദു, ക്രിസ്ത്യനോക്കെ ആയിരുന്നേൽ അങ്ങനെ ഉണ്ടാവില്ല. മുസ്ലിം ആയത് ഞാൻ അഭിമാനത്തോടെ പറയുന്ന ഒരാളാണ്. പക്ഷേ പലരും മതം വച്ച് അങ്ങനെ പറയുന്നത് എനിക്ക് യോജിക്കാൻ പറ്റില്ല.

നമ്മൾ നമ്മുടെ ഇഷ്ടത്തിനല്ലേ ജീവിക്കേണ്ടത്. ഒരുപാട് പേര് നന്മമരം എന്നൊക്കെ പറഞ്ഞ് പലതും ചെയ്യുന്നുണ്ട്. ഞാൻ അങ്ങനെയൊന്നും ചെയ്യുന്നില്ലല്ലോ! തട്ടം ഇടാത്തതിന്, നെയിൽ പോളിഷ് ഇടുന്നതിന് ഈ അടുത്തിടെയും അങ്ങനെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. സ്വർഗം കിട്ടില്ലെന്നൊക്കെയാണ് പറയുന്നത്. നമ്മളെയൊക്കെ സ്വർഗത്തിൽ വിടാൻ എന്തൊരു ഇഷ്ടമാണ് മാമന്മാർക്കൊക്കെ.. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കുന്ന ഒരാളാണ്. അതിന് നാട്ടുകാർക്ക് എന്താണ്..”, മഹീന പറഞ്ഞു.