February 28, 2024

‘സുരേഷ് ഗോപിയുടെ ഇളയമകൻ ഇനി നായകൻ!! മാധവന്റെ ‘കുമ്മാട്ടിക്കളി’ തുടങ്ങി..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ ഒരു സൂപ്പർസ്റ്റാർ പുത്രനും കൂടി സിനിമയിൽ നായകനായി അരങ്ങേറുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടൻ സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. മാധവ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഈ ദിവസം ആലപ്പുഴയിൽ ആരംഭിച്ചു. സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുലും സിനിമ നടനാണ്.

അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ രണ്ടും സിനിമയിലേക്ക് തന്നെ എത്തിപ്പെട്ടിരിക്കുകയാണ്. വിജയ്, ചിമ്പു തുടങ്ങിയ നടന്മാരെ വച്ച് ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ അമരം എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിൻസെന്റ് ഈ സിനിമ എടുക്കുന്നത്.

കടപ്പുറവും കടപ്പുരജീവിതവും പ്രമേയമാക്കിയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അമരത്തിന്റെ ലൊക്കേഷനുകളിൽ തന്നെയാണ് ഈ ചിത്രവും ചിത്രീകരിക്കുന്നത്. ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവയാണ് ലൊക്കേഷനുകൾ. സൂപ്പർ ഗുഡ് ഫിൽംസിന്റെ ബാനറിൽ ആർ.ബി ചൗധരിയാണ് കുമ്മാട്ടിക്കളി നിർമ്മിക്കുന്നത്. സിനിമയുടെ പൂജ ചടങ്ങുകൾ ഈ കഴിഞ്ഞ ദിവസം ആലപ്പുഴ സ്വാന്തനം സ്പെഷ്യൽ സ്കൂളിൽ വച്ച് നടന്നു.

നടൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. സുരേഷ് ഗോപിയോ മൂത്തമകൻ ഗോകുൽ സുരേഷോ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ലെന, ദേവിക സതീഷ്, അനുപ്രഭ, യാമി, അസിസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.