‘നമ്മൾ നമ്മുടെ വേരുകളിലേക്ക് പോകണം! ഇന്ത്യ എന്ന് പേര് മാറ്റി ഭാരതം എന്നാക്കണം..’ – പ്രതികരിച്ച് നടി ലെന

ഇന്ത്യ എന്ന പേരിനേക്കാൾ ശക്തം ഭാരതം എന്നാണെന്നും നമ്മൾ നമ്മുടെ വേരുകളിലേക്ക് തിരിച്ചു പോകണമെന്നും നടി ലെന. തന്റെ പേരിലെ ചെറിയ മാറ്റം വരുത്തിയതിന് കുറച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അതിന് മറുപടി പറയുന്ന കൂട്ടത്തിലാണ് ലെന ഈ കാര്യം പറഞ്ഞത്. ലെന എന്ന പേരിൽ ഇംഗ്ലീഷിൽ എഴുതുമ്പോൾ ഒരു ‘എ’ കൂടി അവസാനം ചേർത്തിട്ടുണ്ട്. അതിനെ കുറിച്ചാണ് താരം സംസാരിച്ചത്.

“നിങ്ങൾ ഒരു പേര് കാണുമ്പോൾ അതിന് പല വൈബ്രേഷൻസുണ്ട്. അതുപോലെയാണ് ഇത്. മന്ത്രങ്ങൾ ജപിക്കുമ്പോൾ യഥാർത്ഥ വാക്കുകൾ ഉപയോഗിച്ചില്ലെങ്കിൽ അത് മൊത്തത്തിൽ മാറി പോകും. നിങ്ങൾ എന്നെ ലീന എന്ന വിളിച്ചാൽ അത് ഞാൻ ആവുകയില്ലല്ലോ! ഒരൊത്തിനും ഓരോ വൈബ്രേഷണൽ ഫ്രീക്വൻസിയാണ്. ഞാൻ ഒരു കാര്യമിപ്പോൾ പറഞ്ഞാൽ അത് വലിയ വിവാദമായേക്കാം. നിങ്ങൾക്ക് അതാണ് വേണ്ടതെന്ന് അറിയാം!

ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കിയാൽ, അതിൽ തന്നെ മറ്റുണ്ടാകില്ലേ? ഈ നാടിനെ പണ്ട് ഭാരത് എന്നാണ് വിളിച്ചിരുന്നത്. ഒരു കൊളോണിയൽ രാജ്യം നമ്മുടെ പേര് ഇന്ത്യ എന്നാക്കി. അതോടെ അത് വേറെ രീതിയിലേക്ക് മാറി. ഇനി ഭാരത് എന്നാക്കിയാൽ അത് വീണ്ടും വ്യത്യസ്തമായി മാറും. ഭാരത് എന്ന പേര് സ്വീകരിക്കണമെന്നേ ഞാൻ പറയുകയുള്ളു. നമ്മുക്ക് നമ്മുടെ വേരുകളിലേക്ക് തിരിച്ചുപോകാം.

അവിടെ എന്തോ ഒരു അറിവുള്ളത് പോലെ തോന്നുന്നു. ഇന്ത്യ എന്ന പേര് നമ്മൾ അല്ലല്ലോ ഇട്ടത്. നമ്മൾ തന്നെ എത്ര സ്ഥലങ്ങളുടെ പേര് മാറ്റിയിരിക്കുന്നു. ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നാൽ പിന്നെ നമ്മുക്ക് ഇന്ത്യ മാറ്റി ഭാരത് ആക്കികൂടെ? അതൊരു രാഷ്ട്രീയമോ മതപരമോ ഒരു കാര്യമായിട്ടല്ല. നമ്മുടെ പഴയ വേരുകളിലേക്ക് തിരിച്ചുപോയാൽ ഇപ്പോൾ എന്താ? ഭാരത് ആയാൽ അത് സംഖ്യാശാസ്ത്രപരമായി മാറ്റങ്ങൾ വരുമെന്ന് ഞാൻ വിചാരിക്കുന്നു, ഭാരതമെന്നത് ഒരു ശക്തമായ പേരാണ്..”, ലെന പ്രതികരിച്ചു.