കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റത്. മൂത്തമകൾ ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികനടിയാണ്. ഭാര്യ സിന്ധുവും മറ്റു മക്കളായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന്റെ വിശേഷം അറിയാനും ഏറെ താല്പര്യം കാണിക്കാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. അഹാനയുടെയും കുടുംബത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന അഹദിശിക ഫൗണ്ടേഷൻ വഴി തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിലെ വലിയകാല ട്രൈബൽ ഏരിയയിലെ കുടുംബങ്ങൾക്ക് 9 ടോയ്‌ലറ്റുകൾ പണിതുനല്കിയതിന്റെ സന്തോഷമാണ് അഹാന പങ്കുവച്ചത്.
“ഞങ്ങളുടെ സാമൂഹിക സഹായ സംരംഭമായ ‘അഹദിശിക ഫൗണ്ടേഷൻ’ വഴി തിരുവനന്തപുരത്തെ വിതുര പഞ്ചായത്തിലെ വലിയകാല ട്രൈബൽ കോളനി അംഗങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയതിൽ സന്തോഷമുണ്ട്. ഉദാരമായ സംഭാവനകൾ നൽകി മുന്നോട്ടുവന്ന എന്റെ പിതാവിന്റെ നല്ല സുഹൃത്തായ മോഹൻജിയുടെ ചാരിറ്റി ഓർഗനൈസേഷനായ ‘അമ്മുകെയർ’ ചാരിറ്റബൾ ട്രസ്റ്റിന് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
വലിയകാല ആദിവാസി കോളനിലെ 32 കുടുംബങ്ങൾ കഴിഞ്ഞ 20 വർഷങ്ങളായി ടോയ്‌ലറ്റ് സൗകര്യം ഇല്ലാതെയാണ് കഴിയുന്നത്. ഇത് കാരണം, കാര്യങ്ങൾക്കായി കാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ്. മിക്ക പ്രഭാതങ്ങളിലും, തണുപ്പും മൂടൽമഞ്ഞും കാരണം പലർക്കും വന്യ മൃഗങ്ങളാൽ പരിക്കേൽക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന്, അവരിൽ ഏറ്റവും ആവശ്യമുള്ളവർക്ക് 9 ടോയ്‌ലറ്റുകൾ നൽകിക്കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
View this post on Instagram
എല്ലാവരെയും വ്യക്തിപരമായി കണ്ടുമുട്ടുകയും അവരുമായി ഇടപഴകുകയും ചെയ്യുന്നത് ശരിക്കും ഹൃദയസ്പർശിയായിരുന്നു, അതുപോലെ രുചികരമായ ഭക്ഷണത്തിന് നന്ദി. ഇതിൽ പങ്കുചേരാൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ സംഭാവന നൽകാനുമായി അഹദിശിക ഫൗണ്ടേഷനുമായി ബന്ധപ്പെടുക..’, അഹാന അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.