‘ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പശു അമ്മയാണ്..’ – പങ്കുവച്ച് നടൻ കൃഷ്ണകുമാർ

സിനിമയിലും സീരിയലുകളിലും അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ കൃഷ്ണകുമാർ. 1994-ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് കഴിഞ്ഞ 30 വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുകയും ചെയ്തു. 2021-ലാണ് കൃഷ്ണകുമാർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ബി.ജെ.പിയിൽ ചേരുകയും ചെയ്തു.

പിന്നീട് അങ്ങോട്ട് കൃഷ്ണ കുമാർ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലാണ് കൃഷ്ണകുമാർ മത്സരിച്ചത്. മൂന്നാം സ്ഥാനമാണ് നേടിയെത്തെങ്കിലും 27% ശതമാനത്തോളം വോട്ട് കൃഷ്ണകുമാർ നേടിയിരുന്നു. ഇടയ്ക്ക് കൃഷ്ണകുമാർ പറഞ്ഞ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളിൽ നിറഞ്ഞിരുന്നു.

ഞാനും ചാണകം നിങ്ങൾ ചാണകം എന്ന ഡയലോഗാണ് വലിയ ട്രോളുകൾ വാങ്ങിക്കൂട്ടാൻ കാരണമായത്. ഇപ്പോഴിതാ പശുക്കളെ പറ്റി തന്റെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളിലൂടെ കൃഷ്ണകുമാർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.പേരിൽ തന്നെ കൃഷ്ണനുള്ള തനിക്ക് പശുക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ഒരു ബന്ധമാണെന്നും താരം കുറിച്ചു.

രാഷ്ട്രീയ അന്ധത ബാധിച്ച് ചിലരൊക്കെ ട്രോളിയേക്കാം, പക്ഷേ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ പശുക്കളുടെ അടുത്തേക്ക് ചെന്ന് അവയുടെ കണ്ണുകളിലേക്ക് നോക്കിയാൽ മനസ്സ് നിറയുന്ന ഒരു അനുഭവമായിരിക്കും കിട്ടുന്നത്. ജനിച്ചുവീണാൽ ജീവൻ നിലനിർത്താൻ കുടിക്കുന്ന അമ്മയുടെ മുലപ്പാലാണ്, ഒരു സമയം കഴിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതത്തിൽ പാലിന്റെ പുണ്യം തരുന്നത് ഈ മിണ്ടാപ്രാണികളാണെന്നും രണ്ടും അമ്മമാരാണെന്നും കൃഷ്ണകുമാർ കുറിച്ചു.

എവിടെ എപ്പോൾ സമയം കിട്ടിയാലും ഇവർക്ക് ഒപ്പം ഇനിയും സമയം ചിലവിടും നിങ്ങളും അങ്ങനെ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കൃഷ്ണകുമാർ എഴുതി. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അമ്മമാർക്ക് നന്ദി പറയുകയും ഇതിന് എതിരെ പറയുന്നവർക്ക് എതിരെ യാതൊരു പരിവമില്ലെന്നും അതാണ് ഭാരതീയ സംസ്കാരമെന്നും കൃഷ്ണകുമാർ കുറിച്ചു. പോസ്റ്റിന് താഴെ കൃഷ്ണകുമാറിനെ പരിഹസിച്ച് ഒരുപാട് കമന്റുകളും വരികയും ചെയ്തിട്ടുണ്ട്.