വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് ഈ അടുത്തിടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് രേണു സുധി. ഒരു വർഷം ആകുന്നതിന് മുമ്പ് വേറെ കെട്ടും എന്നും സുധിയുടെ ആദ്യ മകനെ അടിച്ചിറക്കുമെന്നൊക്കെ താനും കേട്ടിരുന്നു എന്ന് രേണു പറയുകയുണ്ടായി.
“സുധിച്ചേട്ടൻ മരിച്ചിട്ട് ഒരു വർഷം ആകുന്നതിന് മുമ്പ് ഞാൻ വേറെ കെട്ടും, കിച്ചുവിനെ(സുധിയുടെ ആദ്യ മകൻ) ഞാൻ അടിച്ചിറക്കും എന്നൊക്കെ പറഞ്ഞുള്ള നെഗറ്റീവുകൾ ഞാൻ കേട്ടിട്ടുള്ളതാണ്. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ, ഞാൻ വേറെ കല്യാണം കഴിക്കുകയില്ല. കൊല്ലം സുധി ചേട്ടന്റെ ഭാര്യയായിട്ട് തന്നെ എന്റെ ജീവിതകാലം മുഴുവനും നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ഞാൻ ചെയത്തൊള്ളൂ.
അത് എന്റെ ഉറച്ച തീരുമാനമാണ്. അതിന് കാരണങ്ങൾ പലതുണ്ട്. അത് എന്റെ ഉള്ളിലുണ്ട്. എന്റെ മരണം വരെയും സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ കുടുംബത്തിൽ എന്നെ അറിയാവുന്നവർക്ക് അറിയാൻ ഞാൻ വേറെ കല്യാണം കഴിക്കില്ലായെന്നത്. സുധി ചേട്ടനെ പോലെ വേറെ ആരും ആകില്ല.. അത് ഒന്നാമത്തെ കാര്യം. രണ്ടാമത്, ഞങ്ങളുടെ മക്കൾ ഞങ്ങളുടേതായി തന്നെ ഇരിക്കണം.
വേറെയൊരാൾ വന്നാൽ അവരെ ഒരിക്കലും അങ്ങനെ കാണില്ല. ആ ഒരു കാര്യം എന്റെ ഉള്ളിൽ ഉള്ളതുകൊണ്ട് തന്നെയാണ് ഞാൻ ഈ കടുത്ത തീരുമാനം എടുത്തിട്ടുള്ളത്. ചില സുഹൃത്തുക്കളൊക്കെ പറയാറുണ്ട്, ഇപ്പോഴല്ല രേണു പിന്നീട് നല്ല ബന്ധം വന്നാൽ ആലോചിക്കണമെന്നൊക്കെ പറയാറുണ്ട്. അതിനോട് ഒന്നും ഞാൻ പ്രതികരിക്കാറില്ല.. ചിരിച്ചങ്ങ് മാറും.. ഇല്ല എന്നതാണ് എന്റെ തീരുമാനം, അതിലൊരു മാറ്റവും ഉണ്ടാവുകയില്ല..”, രേണു സുധി പറഞ്ഞു.