‘റോക്കി ഭായ് കൊത്തയുടെ രാജുവിന് മുന്നിൽ വീണു! പ്രീ ബുക്കിങ്ങിൽ റെക്കോർഡ്..’ – ഏറ്റെടുത്ത് ദുൽഖർ ആരാധകർ

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമ ലോകം. ദുൽഖർ നായകനായി അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ മറ്റ് നാല് ഭാഷകളിൽ ഡബ് ചെയ്തിറങ്ങുന്ന സിനിമ 2500-ൽ അധികം സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്.

50-ൽ അധികം രാജ്യങ്ങളിലാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യാൻ പോകുന്നത്. സിനിമ വലിയ ഹിറ്റായി മാറിയാൽ ദുൽഖർ എന്ന പാൻ ഇന്ത്യ സ്റ്റാറിന്റെ പുത്തൻ ഉദയം കൂടി പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇപ്പോൾ തന്നെ ഇന്ത്യയിൽ അറിയപ്പെടുന്ന താരമാണ് ദുൽഖർ. തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിൽ ദുൽഖർ നായകനായി അഭിനയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഒരു പാൻ ഇന്ത്യ പട്ടം ദുൽഖറിനുണ്ട്. ഈ സിനിമയോട് കൂടി അത് ഉറപ്പിക്കാൻ സാധിക്കും.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസിൽ എക്കാലത്തെയും ഉയർന്ന പ്രീ-സെയിൽസ് എന്ന നേട്ടം ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത സ്വന്തം പേരിലാക്കിയിരിക്കുകയാണ്. കന്നഡ ചിത്രമായ കെജിഎഫിനെ പിന്തള്ളിയാണ് ദുൽഖർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2.93 കോടി രൂപയായിരുന്നു കെജിഎഫ് പ്രീ സെയിൽസിലൂടെ നേടിയിട്ടുണ്ടായിരുന്നത്.

കിംഗ് ഓഫ് കൊത്ത റിലീസിന് ചെയ്യാൻ ഇനിയും മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇത് തകർത്തിരിക്കുന്നത്. 2.97 കോടി ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. മൂന്ന് കോടിയിൽ അധികം പ്രീ സെയിൽസിലൂടെ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 1600 അധികം ഷോകൾ ഇതിനോടകം ട്രാക്ക് ചെയ്തിട്ടുണ്ടെന്നും ട്രക്കേഴ്സ് പുറത്തുവിടുന്നുണ്ട്. മികച്ച അഭിപ്രായം ആദ്യ ഷോ കഴിഞ്ഞ് ലഭിച്ചാൽ ഫസ്റ്റ് ഡേ റെക്കോർഡ് ഇടാനും സാധ്യത ഏറെയാണ്.