സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായും അനാർക്കലി നായികയായും അഭിനയിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്തു മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഗഗനചാരി. സിനിമയിൽ മന്ത്രി കെബി ഗണേഷ് കുമാർ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ റിലീസിന് പിന്നാലെ അതിലെ അഭിനേതാക്കളും സംവിധായകനും നടത്തിയ പ്രസ് മീറ്റിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അതിൽ ഗണേഷ് കുമാർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. “ഗോകുലിനെ കുഞ്ഞായി ഇരിക്കുമ്പോൾ മുതൽ അറിയാം.. എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്റെ ശരീരമേ വളർന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്. സുരേഷ് എന്റെ കൂടെ ആദ്യമായി അഭിനയിക്കുന്ന യുവജനോത്സവത്തിലാണ്. ഞാൻ അതിൽ പോസിറ്റീവും സുരേഷ് നെഗറ്റീവ് റോളിലുമാണ്.
അന്ന് മുതൽ തുടങ്ങിയതാണ് എന്റെയും സുരേഷിന്റെയും സൗഹൃദം. ഗോകുൽ വളരെ രസമായിട്ട് അഭിനയിക്കുന്നുണ്ട്. പാപ്പനിൽ ഒരു ചെറിയ വേഷം ആണെങ്കിൽ കൂടിയും അവന്റെ പ്രെസെൻസ് ഫീൽ ചെയ്തിരുന്നു. ഗഗനചാരി വീട്ടിൽ വച്ചാണ് സുരേഷ് കണ്ടത്. കണ്ടിട്ട് എന്നെ വിളിച്ചു, “നീ നന്നായിട്ടുണ്ട്” എന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. ഒരു സിനിമയിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ ലഭിക്കുക എന്നത് ഏതൊരു കലാകാരനും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്..”, ഗണേഷ് പറഞ്ഞു.
മുമ്പൊരിക്കൽ ഗണേഷ് കുമാർ സുരേഷ് ഗോപിയെ കുറിച്ച് പരിഹസിച്ച് വളരെ മോശമായിട്ട് സംസാരിച്ചിരുന്നു. തൃശൂരിലെ മുസ്ലിം പള്ളിയില്‍ സുരേഷ് ഗോപി നോമ്പ് തുറയ്ക്ക് പോയപ്പോൾ അതിനെ പരിഹസിച്ചുകൊണ്ട് ഒരു വേദിയിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇലക്ഷന്റെ സമയത്തായിരുന്നു അത്. അതിന് വലിയ രീതിയിലുള്ള വിമർശനമാണ് അന്ന് ഗണേഷ് കുമാർ കേട്ടത്. അതെ ആളാണ് പ്രസ് മീറ്റിൽ സുരേഷ് ഗോപിയെ കുറിച്ച് പുകഴ്ത്തി സംസാരിച്ചത്.