‘ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹം, അനുഭവിച്ചിട്ടില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല..’ – പ്രതികരിച്ച് കാർത്തിക് സൂര്യ

യൂട്യൂബറായും ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരാളാണ് കാർത്തിക് സൂര്യ. ഈ കഴിഞ്ഞ ആഴ്ച കാർത്തിക് അഗ്നിക്കാവടി എടുക്കുന്ന ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് താഴെ കാർത്തിക്കിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകൾ വന്നു. വേൽ കുത്തി വ്രതം എടുത്ത് അഗ്നിയിലൂടെ കാർത്തിക് നടക്കുന്ന ഒരു വീഡിയോയുടെ താഴെ ആയിരുന്നു വിമർശനങ്ങൾ വന്നത്.

“ഞാനൊരു ദൈവവിശ്വാസിയാണ്.. പതിനാറാം വയസ്സിലാണ് ഞാൻ ആദ്യമായി വേൽകാവടി എടുക്കുന്നത്. അന്ന് എടുത്തിട്ട് പിന്നീട് പഠിത്തവും കാര്യങ്ങളുമൊക്കെയായിട്ട് അങ്ങോട്ട് പോയി.. ഈ 2023 എനിക്ക് അത്ര നല്ല വർഷം ആയിരുന്നില്ല.. മലേഷ്യയിൽ പോയ സമയത്ത്, ബാട്ടു കേവ്‌സ് എന്നൊരു മുരുക ക്ഷേത്രം ഉണ്ടായിരുന്നു. വലിയ മലയുടെ മുകളിലാണ്. ഏകദേശം 272 പടികൾ കയറിചെന്നുവേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസ്സ് ഭയങ്കര ശാന്തമായി.

അന്ന് വേൽ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നാട്ടിൽ എത്തിയ ശേഷം ആദ്യം നോക്കിയത് തൈപ്പൂയം എന്നാണെന്നാണ്. എന്റെ ഷെഡ്യൂള്‍ അതിന് അനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതം എടുത്തു. എന്റെ ആദ്യത്തെ അഗ്നിക്കാവടി ആയിരുന്നു ഇത്. മുമ്പും വെൽ കുത്തിയിട്ടുണ്ട്. പണ്ട് 5 അടി നീളമുള്ള വേൽ ആയിരുന്നു. അഗ്നിക്കാവടി എടുക്കുമ്പോൾ ഒന്നര അടി നീളമുള്ള വേലാണ് ഉപയോഗിക്കുന്നത്.

എനിക്ക് ഉണ്ടായ അനുഭവം ഞാൻ പറയാം.. വേൽ എടുക്കുമ്പോൾ നമ്മുടെ ശരീരം ഇത്രയും ദിവസത്തെ വ്രതം എടുത്ത് ശുദ്ധിയായിരിക്കും. അപ്പോഴത്തെ ഏക ലക്ഷ്യം കാവടി എടുക്കുന്നതും ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കുന്നതും ആയിരിക്കും. പതിനാറാം വയസ്സിൽ കാവടി എടുത്തപ്പോൾ എനിക്ക് ആദ്യം അനുഗ്രഹം കിട്ടിയില്ലായിരുന്നു. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തിരുന്നത്. നമ്മൾ ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന ഒരു അനുഗ്രഹമാണ് അത്.

അത് ഒരു സമയം കഴിയുമ്പോൾ തന്നെത്തന്നെ വരുന്നതാണ്. എങ്ങനെ വരുന്നു, എവിടെ നിന്ന് വരുന്നുവെന്ന് എനിക്ക് പറഞ്ഞു തരാൻ അറിയില്ല. അത് അനുഭവിച്ചിട്ടില്ലാത്തവർക്ക് ഞാൻ എത്ര പറഞ്ഞുകൊടുത്താലും അവർക്ക് മനസ്സിലാവില്ല. അനുഗ്രഹം വരിക ആണെന്നാണ് അതിനെ ഞങ്ങളുടെ അവിടെ പറയുക.. ആ സമയത്ത് ഞാൻ സോഷ്യൽ മീഡിയയിൽ സജീവം അല്ലായിരുന്നു. അതുകൊണ്ട് വന്ന കമന്റുകൾ ഒന്നും ഞാൻ കണ്ടിട്ടില്ല.. അത് ആ വഴികൂടെ പൊക്കോളും..”, കാർത്തിക് പ്രതികരിച്ചു.