‘ഹിമാചലിൽ ബിജെപി സ്ഥാനാർത്ഥിയായി നടി കങ്കണ റണാവത്ത്..’ – വിശ്വസ്ത സേവക ആയിരിക്കുമെന്ന് താരം

നടിയും ചലച്ചിത്ര നിർമ്മാതാവുമായ കങ്കണ അമർദീപ് റണൗട്ട് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് നാല് തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ കങ്കണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നു. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സ്ഥിരമായി പ്രശംസിക്കുന്ന ഒരാളാണ് കങ്കണ.

അതുകൊണ്ട് തന്നെ കങ്കണ വളരെ വൈകാതെ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. ഹിമാചൽ പ്രദേശിലെ ജന്മനാടായ മാണ്ഡിയിൽ ബിജെപി സീറ്റിൽ മത്സരിക്കുകയാണ് കങ്കണ. കഴിഞ്ഞ ദിവസം പുറത്തുവിട്ട അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കങ്കണയുടെ പേരും പുറത്തുവന്നത്. സ്ഥാനാർത്ഥിത്വം നൽകിയതിന് പിന്നാലെ ബിജെപിക്ക് നന്ദി പറഞ്ഞുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

“എന്റെ പ്രിയപ്പെട്ട ഭാരതത്തിൻ്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് എപ്പോഴും എന്റെ നിരുപാധിക പിന്തുണയുണ്ട്.. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ അവരുടെ ലോകസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം മാനിക്കുന്നു.

പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യോഗ്യയായ ഒരു പ്രവർത്തകയും വിശ്വസ്തയായ ഒരു പൊതുപ്രവർത്തകയുമാകാൻ ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി..”, കങ്കണ ട്വിറ്ററിൽ കുറിച്ചു. താരത്തിന് വിജയാശംസകൾ നേർന്ന് ആരാധകരും രംഗത്ത് വന്നു. കഴിഞ്ഞ ബൈ ഇലെക്ഷനിൽ കോൺഗ്രസ് ജയിച്ച മണ്ഡലത്തിലാണ് കങ്കണ മത്സരിക്കുന്നത്. 8,766 വോട്ടുകൾക്കാണ് അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.