‘എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട്! വോട്ട് ഓൺലൈനായി ചെയ്യാമല്ലോ..’ – നടി ജ്യോതികയുടെ പരാമർശനത്തിന് ട്രോൾ

തമിഴ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള നടിയാണ് ജ്യോതിക. തമിഴ് നടനായ സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതിക ഒരു ഇടവേള എടുത്ത ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. രാജ്‌കുമാർ റാവുവിന് ഒപ്പം ജ്യോതിക അഭിനയിക്കുന്ന ശ്രീകാന്ത് എന്നെ ബോളിവുഡ് ചിത്രമാണ് ഇനി താരത്തിന്റെ ഇറങ്ങാനുള്ളത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുംബൈയിൽ വച്ച് നടന്ന പ്രസ് മീറ്റിൽ ജ്യോതിക പറഞ്ഞ വാക്കുകൾ വിമർശനങ്ങൾ കേട്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകന്റെ ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ജ്യോതികയെ കുഴപ്പത്തിലാക്കിയത്. വോട്ട് ചെയ്തു എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചൂടെ എന്നത് ആയിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് താൻ എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ടെന്ന് ആണ് മറുപടി നൽകിയത്. ഇലെക്ഷൻ അഞ്ച് വർഷത്തിൽ ഒരിക്കൽ അല്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ജ്യോതിക ഒന്ന് തിരുത്തി അഞ്ചെന്ന് പറഞ്ഞു.

ഇത് പക്ഷേ അബദ്ധത്തിൽ പറ്റിയതാണെന്ന് പറയാമെങ്കിലും തൊട്ടടുത്ത മറുപടിയാണ് ജ്യോതികയ്ക്ക് പണിയായത്. “എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട്, സോറി അഞ്ച് വർഷം കൂടി ഇരിക്കുമ്പോൾ.. ചില സമയത്ത് നമ്മൾ നാട്ടിൽ ഉണ്ടാവാറില്ല. ചില പ്രതേക സാഹചര്യങ്ങൾ വോട്ട് ചെയ്യാൻ പറ്റാതെ വരാറുണ്ട്. അതിപ്പോൾ പ്രൈവറ്റ് ആയിട്ട് പോലും ചെയ്യാറുണ്ട്, കാരണം ഓൺലൈൻ വഴി എല്ലാം അവസരമില്ലേ? എല്ലാ തവണയും പരസ്യമാക്കപ്പെടുന്നില്ല. ജീവിതത്തിന് ഒരു സ്വകാര്യ വശമുണ്ട്.

അതിനെ മാനിക്കുകയും അതിനുള്ള ഇടം നൽക്കുകയും ചെയ്യണം..”, ജ്യോതിക മറുപടി നൽകി. ഇതിൽ ഓൺലൈൻ വഴി വോട്ട് ചെയ്യാമെന്ന് പറഞ്ഞതാണ് ട്രോളുകൾ ഏറ്റുവാങ്ങാൻ കാരണമായത്. നമ്മൾ അറിയാതെ ഇവർക്ക് പ്രതേക സംവിധാനം ഉണ്ടോ എന്നാണ് ചിലർ വീഡിയോ കണ്ടിട്ട് ചോദിക്കുന്നത്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജ്യോതിക വോട്ട് ചെയ്തിരുന്നില്ല. സൂര്യയും കുടുംബവും എത്തിയിരുന്നു. ഇത് തമിഴകത്ത് വലിയ ചർച്ചയായിരുന്നു. അതുകൊണ്ടാണ് റിപ്പോർട്ടും ആ ചോദ്യം ചോദിച്ചത്.