തലൈവർ രജനികാന്ത് നായകനായി അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് നമ്മുടെ തിരുവനന്തപുരത്ത് നടക്കുകയാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ രജനികാന്തിനെ കാണാൻ കേരളത്തിലെ പല പ്രമുഖ സിനിമ പ്രവർത്തകർ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനെ കാണാൻ വേണ്ടി 2018 എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫും നിർമ്മാതാക്കളും എത്തിയിരിക്കുകയാണ്.
അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ജൂഡ് ആന്തണി. ജൂഡിനെ കണ്ട രജനി 2018 സിനിമയെയും കുറിച്ചും അദ്ദേഹത്തിന്റെ സംവിധാനത്തെ കുറിച്ചും അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്ക് ഓസ്കാർ എൻട്രി ലഭിച്ചത് അറിഞ്ഞ രജനികാന്ത് ഓസ്കാർ കിട്ടട്ടെയെന്നും ആശംസിക്കുകയും തന്റെ പ്രാർത്ഥനകൾ ഒപ്പമുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു.
“തലൈവർ പറഞ്ഞു, “എന്തൊരു സിനിമ ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അത്ഭുതകരമായ വർക്ക്. പിന്നെ ഞങ്ങൾ ഓസ്കാർ യാത്രയ്ക്കായി അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. തലൈവർ പറഞ്ഞു ‘പോയി ഓസ്കാർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും’, ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയ എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്ക് നന്ദി..”, ജൂഡ് കുറിച്ചു.
ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാവില്ലെന്നും 2018 സിനിമ കണ്ടതിനുശേഷം രജനി സാർ അണിയറ പ്രവർത്തകരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷനായ താരത്തെയല്ല, തീർത്തും സാധാരണക്കാരനായ ഒരാളെ ആണെന്നും സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ആന്റോ ജോസഫും അദ്ദേഹത്തെ കണ്ട നിമിഷത്തെ കുറിച്ച് എഴുതി. നിർമാതാവ് വേണു കുന്നപ്പിള്ളിയും രജനിക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.