‘മലയാള സിനിമയുടെ നഷ്ടമെന്ന് പറഞ്ഞ് വിതുമ്പരുത്, അവർ എന്നേ ജോണിയെ നഷ്ടപ്പെടുത്തിയതാണ്..’ – കുറിപ്പ് വൈറൽ

സിനിമ നടനായ കുണ്ടറ ജോണി എന്ന് അറിയപ്പെടുന്ന ജോണി ജോസഫിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ പ്രേക്ഷകർ. മലയാള സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെല്ലാം ജോണിയുടെ വിയോഗത്തിന്റെ വേർപാട് പങ്കുവച്ചിട്ടുണ്ട്. ഇതിനിടയിൽ മാധ്യമപ്രവർത്തകനായ രാകേഷ് സനലിന്റെ ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജോണിയെ മലയാള സിനിമ നഷ്ടപ്പെടുത്തി എന്ന് അദ്ദേഹം കുറിപ്പിൽ എഴുതി.

“കേട്ടുകഥയാണ്.. ദാമോദരൻ മാഷ് കോഴിക്കോട് എഴുതാൻ ഇരിക്കുമ്പോൾ, ഇടയ്ക്ക് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങും. ഈ സമയം നോക്കി മറ്റുചിലർ വാതിലുകളും തുറക്കപ്പെടും. ബീഡിപ്പുകയൂതി മാഷ് ഇങ്ങനെ വരാന്തയിലൂടെ നടക്കുമ്പോൾ തുറന്ന വാതിലുകളിലൂടെ പുറത്തിറങ്ങിയവർ മാഷ് ഒന്ന് ശ്രദ്ധിക്കണേ എന്ന മട്ടിൽ എതിരെയോ പിന്നാലെയോ നടക്കും. ‘ഹാ എന്താടാ ഇവിടെ’ എന്നൊരു ചോദ്യം അവർ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയൊരു ചോദ്യം വന്നാൽ, കൃത്യമായൊരു മറുപടി കൊടുക്കണമെന്നില്ല. പമ്മിയൊരു ചിരിയായാലും മതി.

കൂടുതലൊന്നും ചോദിക്കാത മാഷും കടന്നു പോകും. തിരിച്ചുതന്റെ മുറിയിൽ മാഷ് കയറിപ്പോയെന്ന് അറിഞ്ഞാൽ വരാന്തയിൽ കണ്ട പഥികരുടെ മനസിൽ ആനന്ദമുണരും. മാഷിന്റെ മേശപ്പുറത്തെ കടലാസിൽ എവിടെയെങ്കിലും ഒരു കഥാപാത്രം അവശ്യ സൃഷ്ടിയെന്ന വണ്ണം പിറന്ന് വീഴുമെന്നറിയാം. ഈ കഥ കേട്ടിട്ടുള്ളത് ജോണിയെ ചേർത്താണ്. അന്നൊക്കെ വെറും ജോണി ആയിരുന്നു. സിനിമാക്കാർക്ക് ഇടയിൽ മാത്രമാണ് കുണ്ടറ ജോണിയെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത്. മുകേഷൊക്കെ പരാമർശിച്ച് കേട്ടിട്ടുള്ളത് കുണ്ടറ ജോണി എന്നാണ്.

നാടിന്റെ പേര് പേരിന്റെ കൂടെ പെട്ടെന്നാളെ പിടികിട്ടാൻ വേണ്ടി പറയുന്നതാവണം. ഈ അടുത്ത കാലത്താണ് ജോണിയെ മാധ്യമങ്ങളടക്കം കുണ്ടറ ജോണിയാക്കി മാറ്റിയത്. ഇന്നിപ്പോൾ മരണവാർത്തയിലും കുണ്ടറ ജോണി എന്നാണ്. ആളിനൊത്ത പേര് ജോണിയെന്ന് തന്നെയാണ്. കുണ്ടറയ്ക്ക് ഒരു ‘പവനായിത്വം’ ഉണ്ട്. മലയാള സിനിമ ഒരു കാലത്ത് ഒരു ആൾ കൂട്ടമായിരുന്നു. കുറെ നടിനടന്മാരുണ്ടാകും. ഇവരെല്ലൊമൊന്നും നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകില്ല. കഥയിൽ ആവിശ്യമുള്ളവരുമാകില്ല.

ദാമോദരൻ മാഷിന്റെ കണ്ണിൽപ്പെട്ടാൽ ഒരു വേഷം കിട്ടുന്നതുപോലെ കൂട്ടിച്ചേർക്കപ്പെടുന്നവരാണ്. ജോണിയെ പോലെ പലരും അത്തരത്തിൽ, ലോക്കൽ കോച്ചിലേക്ക് ചാടിക്കേറുന്ന യാത്രക്കാരെപ്പോലെ മലയാള സിനിമയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നവരാണ്. വലിയയൊരു ആൾക്കൂട്ടത്തിനോരം നിന്നിട്ടും ജോണിയെ നമുക്കറിയായിരുന്നു. പേരെടുത്തു പറയാവുന്ന കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ നഷ്ടമെന്ന് പറഞ്ഞു ജോണിയുടെ മരണത്തിലാരും വിതുമ്പരുത്. മലയാള സിനിമ എന്നേ ജോണിയെ നഷ്ടപ്പെടുത്തിയതാണ്..”, രാകേഷ് സനൽ കുറിച്ചു.