‘ക്യാമറാമാൻ ജോമോൻ ടി ജോൺ വിവാഹിതനായി, നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവ്..’ – ഫോട്ടോസ് വൈറൽ

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായി. ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമായ അൻസു എൽസ വര്‍ഗീസാണ് വധു. സമൂഹ മാധ്യമങ്ങളിലൂടെ ജോമോൻ ടി ജോൺ തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവ് ആയിരുന്നു ജോമോൻ. ഇരുവരും തമ്മിൽ 2021-ൽ നിയമപരമായി ബന്ധം വേർപിരിഞ്ഞിരുന്നു.

അന്ന് അത് മലയാള സിനിമ പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. 2014-ലായിരുന്നു ജോമോനും ആനും തമ്മിലുള്ള വിവാഹം നടന്നത്. ‘എന്റെ പ്രതീക്ഷയും വീടും’ എന്ന ക്യാപ്ഷനോടെയാണ് ജോമോൻ താൻ പുതിയ ജീവിതത്തിലേക്ക് വീണ്ടും കടക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത്. ബോളിവുഡിൽ വരെ ക്യാമറാമാനായി തിളങ്ങി നിൽക്കുന്ന ജോമോന് ആശംസകൾ നേർന്ന് താരങ്ങളും കമന്റിൽ എത്തി.

ബോളിവുഡ് നടൻ രൺവീർ സിംഗ് ഉൾപ്പടെയുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ഇട്ടിട്ടുണ്ട്. കൃതി ഷെട്ടി, നൂറിൻ ഷെരീഫ്, സുരഭി ലക്ഷ്മി, അർച്ചന കവി, ഷംന കാസിം, കൃഷ്ണപ്രഭ, അമൃത സുരേഷ്, അഭയ ഹിരണ്മയി, ബേസിൽ ജോസഫ്, ഗൗതമി നായർ, മേതിൽ ദേവിക, ജിസ് ജോയ്, തരുൺ മൂർത്തി, സാജിദ് യഹിയ തുടങ്ങിയ നിരവധി പ്രമുഖരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടത്.

ധ്യാൻ ശ്രീനിവാസൻ, ആസിഫ് അലി, ഗണപതി തുടങ്ങിയവർ ജോമോന്റെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ചാപ്പാകുരിശ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ജോമോൻ ഛായാഗ്രാഹകനായി രംഗപ്രവേശം നടത്തുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ ജോമോൻ ക്യാമറ ചലിപ്പിച്ചു. 2015-ൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡിന് ജോമോൻ അർഹനായിട്ടുണ്ട്.