കേരള സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്ഘാടനാഘോഷങ്ങളെ പറ്റി രൂക്ഷവിമർശനവുമായി നടി ജോളി ചിറയത്ത്. കേരള പിറവി ദിനത്തിലായിരുന്നു തിരുവനന്തപുരത്ത് കേരളീയം പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന വേദിയിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളെയാണ് ജോളി വിമർശിച്ചത്. വേദിയിൽ സ്ത്രീ സാനിദ്ധ്യം വളരെ കുറവായിരുന്നു എന്ന കാരണത്താലാണ് ജോളി വിമർശനം ഉന്നയിച്ചിരുന്നത്.
ഫേസ്ബുക്കിൽ ഇതിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ജോളി, “ഇത്ര അധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്?” എന്ന തലക്കെട്ടോടെ കേരളീയം പരിപാടിയെ താരം വിമർശിച്ചു. പിന്നീട് താരം ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ സംസാരിച്ചിരുന്നു. “കാലമിത്രയും പുരോഗമിച്ചു. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ട് പോകുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.
ഇത്തരം കാര്യങ്ങളിൽ നമ്മൾ മതസംഘടനകളെയാണ് വിമർശിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ നമ്മൾ ഇവിടെ കണ്ടത് എന്താണ്. എത്ര അ.ശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ.. സ്ത്രീയുടെ സാനിധ്യം ഒരു ചിത്രത്തിൽ ഉണ്ടെങ്കിലും അതും ഒരു അറ്റത്താണ്. ഒരു ഫ്രെമിൽ പോലും ഉൾകൊള്ളാൻ പറ്റാത്ത അത്ര അറ്റത്താണ്. ഒരു ഇടതുപക്ഷ സർക്കാരിന്റെ പരിപാടിയിൽ പോലും ഇങ്ങനെ ആവുകയാണെങ്കിൽ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരം ഉള്ളത്?
മതസംഘടനകൾ ചെയ്യുന്ന അതെ കാര്യമാണോ ജനാധിപത്യ സംഘടനകൾ ചെയ്യേണ്ടത്. അത് ചൂണ്ടികാണിക്കണമെന്ന് എനിക്ക് തോന്നി. 50 ശതമാനം സീറ്റുകൾ ചർച്ചകൾ നടക്കുമ്പോഴാണ് ഇത്തരം ചിത്രങ്ങൾ വരുന്നത്. ഇത് കാണുമ്പോൾ നാണക്കേട് തോന്നുന്നു. അത് പറയാതിരിക്കാൻ വയ്യ..”, ജോളി ചിറയത്ത് പറഞ്ഞു. നിരവധി പേരായിരുന്നു ജോളി നേരത്ത പോസ്റ്റ് ഇട്ടപ്പോൾ പിന്തുണച്ച് കമന്റുകൾ ഇട്ടിരുന്നത്.