‘ഉള്ള് കൊണ്ട് കരയുക എന്ന് പറയില്ലേ! അദ്ദേഹം അങ്ങനെ ചെയ്യണ്ടേ ഒരു കാര്യവുമില്ല..’ – മോഹൻലാലിനെ കുറിച്ച് സംവിധായകൻ ജിസ് ജോയ്

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ, ആസിഫുമായി ഒന്നിച്ച അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണ്. ഒരു അഭിമുഖത്തിൽ ജിസ് ജോയ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. മോഹൻലാൽ ആരാധകർ ഇതിന്റെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

ഒരു ആഡ് ഫിലിം ഷൂട്ടിന്റെ കഥ പറയാൻ വേണ്ടി മോഹൻലാലിനെ കാണാൻ പോയപ്പോഴുള്ള കാര്യങ്ങളാണ് ജിസ് ജോയ് വിവരിക്കുന്നത്. മോഹൻലാൽ അപ്പോൾ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. “ഞാൻ നിറപറയുടെ ഷൂട്ടിന് വേണ്ടി ലാൽ സാറിനെ കാണാൻ മംഗലാപുരത്ത് കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ പോയാണ് കഥ പറയുന്നത്. ഞാൻ ലാൽ സാറിനെ അതിന് മുമ്പ് പരിചയപെട്ടിട്ടേയില്ല.

രാവിലെ തന്നെ ഞാൻ അവിടെ എത്തി. ലാൽ സാർ താമസിച്ച ഹോട്ടൽ മുറിയുടെ ലോഞ്ചിൽ ഞാൻ ഇരിക്കുകയാണ്. അവിടെ വേറെ ആരുമില്ലായിരുന്നു. ലാൽ സർ ലോഞ്ചിൽ വന്നിട്ട് എന്നെ നോക്കിയിട്ട് നിങ്ങൾ ആണോ എന്ന് ചോദിച്ചു. വരൂ നമ്മുക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു ഇന്നോവയിലേക്കാണ് കയറുന്നത്. ഞാൻ വിചാരിക്കുകയും ഇത്രയും ഇന്ത്യ മുഴുവനും അറിയപ്പെടുന്ന താരമായിട്ടും ഞാൻ കരുതിയത് മൂന്നോ നാലോ കോടിയുടെ കാർ വല്ലോം ആയിരിക്കുമെന്നാണ്.

ഒരുമിച്ച് യാത്ര ചെയ്യാമെന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ കൈയും കാലും വിറക്കാൻ തുടങ്ങിയിരുന്നു. വണ്ടിയിൽ കയറിയപ്പോൾ അകത്ത് കൊതുക് ഉണ്ടല്ലോ എന്ന് ഡ്രൈവറോട് ചോദിച്ചു. ഡ്രൈവർ ഇന്നലെ ഗ്ലാസ് താത്തിട്ട് വണ്ടിയിലാണ് കിടന്നതെന്ന് പറയുകയും ചെയ്തു. അയ്യോ അത് എന്താ മോനെ റൂം കിട്ടിയില്ലേ എന്നും പുള്ളിയോട് ചോദിച്ചു. എന്നോട് ചില താഴ്ത്തിയിട്ടൊള്ളു, കൊതുക് ഒക്കെ പോകട്ടെയെന്ന് പറഞ്ഞു. ഇടയ്ക്ക് സുചിത്ര ചേച്ചി വിളിക്കുന്നുണ്ട്. നമ്മുക്ക് കൊതിയുണ്ടാക്കുന്ന രീതിയിൽ ലാൽ സാർ ചേച്ചിയോട് സംസാരിക്കുകയാണ്.

ഇപ്പോൾ പ്രേമിക്കുന്ന രണ്ടുപേർ സംസാരിക്കുന്ന പോലെയാണ് ലാൽ സാർ സംസാരിക്കുന്നത്. അങ്ങനെ വണ്ടിയിൽ ഇരുന്ന് കഥ പറഞ്ഞു. ഒക്കെ മോനെ നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു. അപ്പോൾ ശരിക്കും പറഞ്ഞാൽ ഞാൻ വന്ന ആവശ്യം കഴിഞ്ഞു. എന്നോട് ചോദിച്ചു എപ്പോഴാണ് ട്രെയിൻ എന്ന്.. ഞാൻ പറഞ്ഞു രാത്രി ആണെന്ന്.. എങ്കിൽ സെറ്റിൽ വന്നിട്ട് പോകാം, എന്റെ ഇത്തിക്കര പക്കിയായുള്ള കോസ്റ്റിയൂം കാണാം എന്നൊക്ക പറഞ്ഞു. കായംകുളം കൊച്ചുണ്ണിക്ക് സീരിയലിൽ ആയിരം എപ്പിസോഡിൽ ഡബ് ചെയ്തിട്ടുണ്ടെന്ന് ഞാൻ പുള്ളിയോട് പറഞ്ഞു.

അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു മോനെ അതിൽ ഇത്തിക്കര പക്കി എങ്ങനെയായിരുന്നു. അങ്ങനെ വീണും സംസാരിക്കാൻ വിഷയം കിട്ടി. അങ്ങനെ കാരവാനിൽ എത്തി. എന്നോട് അകത്തേക്ക് വരൂ എന്ന് പറഞ്ഞു. മേക്കപ്പ് ഇട്ടിട്ട് വാരമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി. ആൾക്കൂട്ടത്തിന് ഇടയിൽ നിന്നു. ലാലേട്ടൻ ഇറങ്ങി വന്നു, പുള്ളി കുതിരപ്പുറത്ത് വരുന്ന ഇൻട്രോ സീനാണ്. ലാലേട്ടൻ കുതിരയിൽ നിന്ന് ചാടിയിറങ്ങി ആ സീൻ ചെയ്യുന്നത് കണ്ട് അവിടെ നിന്നവരെല്ലാം കൈയടിച്ചു. എന്നിട്ടും ലാൽ സാർ റോഷൻ ആൻഡ്രൂസിനോട് ഒക്കെ അല്ലേയെന്ന് ചോദിച്ചു.

അങ്ങനെ അത് കഴിഞ്ഞു. എന്നിട്ട് പുള്ളി ആരെയോ നോക്കുന്നു. ഞാൻ കരുതി എന്നെ ആയിരിക്കില്ലെന്ന്.. ഇടവേള ബാബു ചേട്ടൻ നിൽക്കുന്നതിന് കൂട്ടത്തിലാണ് ഞാൻ നില്കുന്നത്. പുള്ളി ദൂരെ നിന്ന് കൈയാട്ടി വിളിച്ചു. ഞാൻ വിചാരിച്ചു എന്നെ ആയിരിക്കില്ല ബാബു ചേട്ടനെ ആയിരിക്കുമെന്ന്.. ഞാൻ എന്നെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ലാൽ സാർ തലയാട്ടി.. ഞാൻ അങ്ങോട്ടേക്ക് ചെന്നു. ഇതാണ് ഗെറ്റപ്പ് എന്ന് എന്നോട് പറഞ്ഞു. പുള്ളിക്ക് അതിന്റെയൊക്കെ വല്ല കാര്യമുണ്ടോ? ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഫ്രെയിംസ് എന്ന് പറയില്ലേ?

അദ്ദേഹത്തെ പോലെ ഒരു മഹാമനുഷ്യൻ നമ്മൾ കോസ്റ്റിയൂം കണ്ടാൽ എന്ത്, കണ്ടില്ലേ എന്ത്.. അല്ലേ? എന്നിട്ടും പുള്ളി എന്നോട് പറഞ്ഞു. എന്നിട്ട് അവിടെ നിന്ന ഷഫീർ ഇക്കയോട് എന്നെ ഹോട്ടലിൽ തിരിച്ചുകൊണ്ടുവിടണം, അവിടെ എത്തിയിട്ട് വിളിച്ചു പറയണമെന്നും പുള്ളിയോട് പറഞ്ഞു. നമ്മൾ ലിറ്റററലി ഉള്ള് കൊണ്ട് കരയുക എന്ന് പറയില്ലേ.. എന്നോട് ഡയറക്ടറെ കാണേണ്ടേ എന്ന് ചോദിച്ചു. റോഷനെ എനിക്ക് അറിയാമെന്ന് പറഞ്ഞു. എന്നിട്ടാണോ കാണാതെ പോകുന്നതെന്ന് പറഞ്ഞ് എന്നെ അവർ ഇരിക്കുന്ന ടെന്റിലേക്ക് വിളിച്ചുകൊണ്ട് പോയി. ഞാൻ കണ്ടിട്ട് തിരിച്ചുപോയി.

വണ്ടിയിൽ കയറാൻ പോയപ്പോൾ മാനേജർ മുരളിയേട്ടൻ ഓടി വന്നിട്ട്, വെളുപ്പിനെയാണ് ട്രെയിൻ, കൊച്ചിയിൽ എത്തുമ്പോൾ തന്നെ എത്തിയെന്ന് വിളിച്ചു മുരളിയേട്ടനെ പറയണമെന്ന് പറഞ്ഞു. എന്റെ പൊന്നെ നമ്മൾ തോറ്റുപോകുന്ന പരിപാടികൾ ഇതൊക്കെയാണ്. ഒരു അഭിമുഖത്തിൽ ആദ്യമായിട്ടാണ് ഇതൊക്കെ പറയുന്നത്. പക്ഷേ എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഒരാളെ കരുതുന്ന കരുതൽ ഉണ്ടല്ലോ.. ഞാൻ പുള്ളിയുടെ അടുത്ത ആഡ് ഫിലിം ചെയ്യാൻ പോകുന്ന ഒരു ഡയറക്ടർ, എന്നെ അത്രയേറെ കരുതേണ്ട ഒരു ആവശ്യവും പുള്ളിക്കില്ല.. എന്താല്ലേ..”, ജിസ് ജോയ് പറഞ്ഞു.