‘നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങൾ! വിവാഹ വാർഷികം ആഘോഷിച്ച് ജയസൂര്യ..’ – ഫോട്ടോസ് വൈറൽ

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി പിന്നീട് നായകനായി മാറി ജനങ്ങളുടെ പ്രിയപ്പെട്ട നടനായി മാറിയ ഒരാളാണ് നടൻ ജയസൂര്യ. ഇപ്പോൾ മലയാളത്തിലെ ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി മാറിയ ജയസൂര്യ കഴിഞ്ഞ 22 വർഷമായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ്. എന്താടാ സജിയാണ് അവസാനം റിലീസായത്.

സിനിമയിൽ സജീവമായി തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ജയസൂര്യയുടെ വിവാഹം. കാമുകി ആയിരുന്ന സരിതയുമായിട്ടാണ് ജയസൂര്യ വിവാഹിതനായത്. 2004-ലായിരുന്നു ജയസൂര്യയുടെ വിവാഹം നടക്കുന്നത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ദേജാവു എന്ന പേരിൽ ഒരു ഫാഷൻ ബൗട്ടിക് ജയസൂര്യ നടത്തുന്നുണ്ട്. ആദി, വേദ എന്നിങ്ങനെയാണ് ജയസൂര്യയുടെ മക്കളുടെ പേര്. ആദി ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്.

ഏറെ വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ജയസൂര്യയും സരിതയും തമ്മിൽ വിവാഹിതരായത്. ഇപ്പോഴിതാ വിവാഹിതരായിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ ജയസൂര്യ. “നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങൾ! ഞങ്ങൾക്ക് 20ന്റെ ആശംസകൾ..”, ഇതായിരുന്നു ജയസൂര്യ ചിത്രങ്ങൾക്ക് ഒപ്പം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ടായിരുന്നത്.

ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ കേക്കിൽ ചേർത്ത് അത് മുറിച്ച് ഇരുപതാം വിവാഹ വാർഷികം ജയസൂര്യയും സരിതയും ആഘോഷിക്കുകയും ചെയ്തു. പോസ്റ്റിന് താഴെ ആരാധകർ വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാരാണ് ഇനി വരാനുള്ളത്. രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.