‘വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ജയറാം! എബ്രഹാം ഓസ്‌ലർ ലുക്കിൽ ഞെട്ടിച്ച് താരം..’ – ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടിയിൽ ജയറാം നായകനായി അഭിനയിച്ച ഒറ്റ മലയാള ചിത്രമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മീര ജാസ്മിൻ തിരിച്ചുവരവിൽ അഭിനയിച്ച മകൾ എന്ന സിനിമയാണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ നായക ചിത്രം. എന്നാൽ തെലുങ്കിലും തമിഴിലുമൊക്കെ സഹനടനായി അഭിനയിച്ച നിരവധി സിനിമകൾ റിലീസ് ചെയ്തിട്ടുമുണ്ടായിരുന്നു.

മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ജനപ്രിയ നടനെ നഷ്ടമായി എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് വളരെ അപ്രതീക്ഷിതമായ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിൽ ജയറാം നായകനായി അഭിനയിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. ആരും തന്നെ അത് പ്രതീക്ഷിച്ചിരുന്നില്ല. ഡോക്ടർ രൺധീർ കൃഷ്ണന്റെ തിരക്കഥയിൽ മിഥുൻ സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലർ എന്ന സിനിമയാണ് അന്നൗൻസ് ചെയ്തത്.

ജയറാം ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ബ്ലോക്ക് ബസ്റ്റാറായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് എബ്രഹാം ഓസ്‌ലർ. സമീപകാലത്ത് ജയറാം മലയാളത്തിൽ നായകനായി അഭിനയിച്ച മിക്ക സിനിമകളും പരാജയമായിരുന്നു. ജയറാമിന്റെ ഒരു ശക്തമായ തിരിച്ചുവരവ് അതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

എബ്രഹാം ഓസ്‌ലറിലെ ജയറാമിന്റെ ലുക്ക് എന്ന് സൂചിപ്പിച്ചുകൊണ്ട് ഫാൻ പേജ് പുറത്തുവിട്ട പുതിയ ഫോട്ടോയാണ് പ്രേക്ഷകർ ആവേശത്തിൽ എത്തിച്ചിരിക്കുന്നത്. കട്ട സ്റ്റൈലിഷ് ലുക്കിലാണ് ജയറാമിനെ കാണാൻ സാധിക്കുന്നത്. മെയ് ഇരുപതിന് ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സാൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള സ്റ്റിൽ ആണ് ഇപ്പോൾ വന്നിരിക്കുന്നത്.