ഇഎസ്ഐ കേസിൽ നടി ജയപ്രദയ്ക്ക് കനത്ത തിരിച്ചടി. ചെന്നൈ എഗ്മോർ കോടതി വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് താരം കൊടുത്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കേസിൽ ഇതുവരെ ജയപ്രദയും കൂട്ടുപ്രതികളും കാണിച്ച സമീപനം പരിഗണിച്ച് കൂടിയാണ് കോടതിയുടെ ഈ തീരുമാനമെന്നും ജസ്റ്റിസ് ജി ജയചന്ദ്രൻ പറഞ്ഞു. ഈ ഓഗസ്റ്റിൽ ആയിരുന്നു ശിക്ഷ വിധിച്ചത്.
ജയപദ്രയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ ഉണ്ടായിരുന്ന തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് ഓഗസ്റ്റിൽ താരത്തിനെ ശിക്ഷ വിധിച്ചത്. 15 ദിവസത്തിനുള്ളിൽ എഗ്മോർ കോടതിയിൽ കീഴടങ്ങുകയും 20 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്താൽ മാത്രം ജാമ്യാപേക്ഷ പരിഗണിച്ചാൽ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മുൻ ലോകസഭ എംപി കൂടിയാണ് ജയപ്രദ.
1994-ൽ തെലുഗ് ദേശം പാർട്ടിയിൽ അംഗമായ ജയപ്രദ 2004-ൽ അവിടെ നിന്ന് സമാജ്‍വാദി പാർട്ടിയിലേക്ക് പോവുകയും യുപിയിൽ ഇലക്ഷനിൽ നിന്ന് ജയിക്കുകയും ചെയ്തു. 10 വർഷത്തോളം എംപി ആയിരുന്നു താരം. 2019-ൽ ജയപ്രദ ബിജെപിയിൽ അംഗത്വം എടുത്തു. തെലുങ്ക്, ഹിന്ദി സിനിമകളിൽ നിറസാന്നിധ്യമായിരുന്നു ജയപ്രദ എഴുപതുകളിലും എൺപതുകളിലും എല്ലാം. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് സിനിമകളായ ദേവദൂതനിലും പ്രണയത്തിലും ജയപ്രദ നായികയായി അഭിനയിച്ചിട്ടുണ്ട്. നിവിൻ പൊളി ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോയിൽ ജയപ്രദ അവസാനമായി അഭിനയിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം ജയപ്രദ മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയായിരുന്നു ഇത്. രാഷ്ട്രീയത്തിൽ സജീവമായ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ജയപ്രദ.