‘ജീവിതത്തിൽ അന്നും ഇന്നും കളിയാക്കലുകൾ ഒരുപാട് നേരിട്ടിട്ടുണ്ട്, ഞാൻ അത് കാര്യമാക്കാറില്ല..’ – തുറന്ന് പറഞ്ഞ് ജാസി ഗിഫ്റ്റ്

കുട്ടികാലം മുതൽ താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ടെന്നും അത് പക്ഷേ മനസ്സിൽ കൊണ്ട് നടക്കാറില്ലെന്നും ഗായകൻ ജാസി ഗിഫ്റ്റ്. ഒരു അഭിമുഖത്തിലാണ് ജാസി ഗിഫ്റ്റ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. “ജീവിതത്തിൽ അന്നും ഇന്നും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ലജ്ജാവതി ഇറങ്ങിയ സമയത്തും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ഇറങ്ങിയ പാട്ടായിരുന്നു അത്. ആ പാട്ട് എന്നെയും എന്റെ കൂടെയുള്ളവരെയും ബാധിച്ചിട്ടില്ല.

ആ പാട്ട് കേട്ട് അഭിനന്ദിച്ചിട്ട് വേറെ കുറെ ആളുകൾ അവസരം തന്നിട്ടുണ്ട്. ഞാൻ ഒരുപാട് ആരാധിച്ച സംഗീതസംവിധായകർ എന്നെ വിളിച്ചിട്ടുണ്ട്. അവരുടെയോപ്പം വർക്ക് ചെയ്യാനും വിളിച്ചു. അത്തരം അനുഭവങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ കളിയാക്കലുകൾ എന്നെ ബാധിച്ചിട്ടില്ല. എനിക്ക് ഒരുപാട് പേരിലേക്ക് എത്തിപ്പെടാൻ പറ്റിയത് ഈ പാട്ട് കാരണമാണ്. പ്രത്യേകിച്ച്, കീരവാണി സാറിനോടൊപ്പമൊക്കെ വർക്ക് ചെയ്യാൻ കഴിഞ്ഞതൊക്കെ ഭാ​ഗ്യമാണ്.

കുട്ടികാലത്ത് എന്റെ പേര് വച്ച് ആളുകൾ കളിയാക്കിയിട്ടുണ്ട്. ആദ്യമൊക്കെ ചെറിയ വിഷമമൊക്കെ ഉണ്ടായെങ്കിലും പിന്നീട് ഞാൻ അത് കാര്യമാക്കിയിട്ടില്ല. ഒരു പോയിന്റ് വരെ ഞാൻ മനസ്സിൽ അങ്ങനെ അധികം ഏറ്റെടുക്കാറില്ല. പല കാര്യങ്ങളിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറാൻ ശ്രമിക്കാറുണ്ട്. പേര് ഇങ്ങനെയായതുകൊണ്ട് എനിക്ക് കുഴപ്പം ഒന്നുമില്ല. എന്നോട് പണ്ടേ ഞങ്ങളുടെ കൂടെയുള്ള മ്യൂസിഷ്യമാരൊക്കെ ഈ പേര് കൊണ്ട് നിനക്ക് പ്രയോജനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.

ഗിഫ്റ്റ് എന്ന പേര് വച്ചതുകൊണ്ട് കൂടുതലും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. സോഷ്യൽ മീഡിയയുടെ വരവ് എന്നെ സംഗീത പ്രേമികളിലേക്ക് കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. പുതിയ ഒരു ജന്മം തന്നെയാണ് കിട്ടിയത്. ഒരുപാട് പാട്ടുകൾ അതിന് ശേഷം പോപ്പുലറായിട്ടുണ്ട്. നമ്മുക്കൊക്കെ ഒരു വലിയ ഒരു വേദി കിട്ടിയപോലെയാണ് ഇതുപോലെയുള്ള പ്ലാറ്റുഫോമുകൾ..”, ജാസി ഗിഫ്റ്റ് പറഞ്ഞു.