സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യർ നായികയായി അഭിനയിച്ച് സന്തോഷ് ശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ. കോവിഡ് കാലത്തിന് മുമ്പ് തന്നെ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിൽ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, എസ്തർ അനിൽ, നെടുമുടി വേണു, അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
കോമഡിക്ക് പ്രാധാന്യം നൽകുന്ന സിനിമയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ആക്ഷൻ രംഗങ്ങൾക്കും കോമഡി രംഗങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ഇപ്പോൾ പുറത്തിറങ്ങിയ ടീസറിൽ നിന്ന് വ്യക്തമാണ്. അതും മഞ്ജു വാര്യരുടെ കിടിലോകിടിലം ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉൾക്കൊളിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ഉറുമി എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജാക്ക് ആൻഡ് ജിൽ. ഈ തവണ ഒരു പക്കാ കൊമേഴ്ഷ്യൽ ത്രില്ലർ ചിത്രവുമായിട്ടാണ് സന്തോഷ് ശിവൻ ഇറങ്ങുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് പ്രേക്ഷകർ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കണ്ടത്. മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ടീസറും മികച്ച അഭിപ്രായം ലഭിച്ചതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ കൂടിയിരിക്കുകയാണ്. ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജയ്ക്സ് ബിജോയും ഗോപി സുന്ദറും റാം സുരേന്ദറും ചേർന്നാണ് സംഗീതം. ബാക് ഗ്രൗണ്ട് മ്യൂസിക്കും ജയ്ക്സ് ബിജോയാണ് ചെയ്തിരിക്കുന്നത്.