‘നല്ല ഒരു മനുഷ്യനാണ്, അടി കൊള്ളാതെ നോക്കണേ..’ – ആറാട്ട് അണ്ണന്റെ ഭാവി പറഞ്ഞ് ഹരി പത്തനാപുരം

ആറാട്ട് എന്ന സിനിമ ഇറങ്ങിയ ശേഷം മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ‘ആറാട്ട് അണ്ണൻ’ എന്ന അറിയപ്പെടുന്ന സന്തോഷ് വർക്കി. കഴിഞ്ഞ രണ്ട് വർഷത്തിന് അടുത്തായി സന്തോഷ് വർക്കി തിയേറ്ററുകളിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. സിനിമ തിയേറ്ററിൽ നിന്ന് കണ്ടിറങ്ങിയ ശേഷം അഭിപ്രായം രേഖപ്പെടുത്തിയാണ് സന്തോഷ് വർക്കി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ആറാട്ട് സിനിമയ്ക്ക് ശേഷവും അത് തുടർന്നുകൊണ്ടേയിരുന്നു. ഇടയ്ക്ക് ചില സിനിമ പ്രവർത്തകരിൽ നിന്ന് തിയേറ്ററിൽ വച്ച് കൈയേറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും സന്തോഷ് വർക്കി തിയേറ്ററിൽ സിനിമ കണ്ട് അഭിപ്രായം പറയുന്നത് നിർത്തിയിട്ടില്ല. ഓരോ തവണ ഓരോ നടിമാരോട് ക്രഷ് തോന്നുന്ന കാര്യവും സന്തോഷ് പങ്കുവച്ചിട്ടുണ്ട്. അതിന്റെ പേരിലും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരാളാണ് സന്തോഷ്.

ഇപ്പോഴിതാ സന്തോഷ് വർക്കിയുടെ ഭാവി പറഞ്ഞിരിക്കുകയാണ് പ്രശസ്ത ജ്യോതിഷനായ ഹരി പത്തനംപുരം. ഒരു തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയ ശേഷം സന്തോഷ് ഹരിയോട് തന്റെ ഭാവി പറയാമോ എന്ന് ചോദിച്ചു. ഹരിയുടെ മറുപടി, “നല്ല രീതിയിലൊക്കെ റിവ്യൂ പറഞ്ഞുപോയില്ലെങ്കിൽ പ്രശ്നമാണ് കേട്ടോ. നിങ്ങൾ നല്ലയൊരു മനുഷ്യനാണ്. ഞാൻ നിങ്ങളുടെ വീഡിയോയൊക്കെ കാണാറുണ്ട്. അടികൊള്ളതൊന്നുമില്ല.

പക്ഷേ അടി കൊള്ളാതെ വളരെ തന്ത്രപൂർവം പോകണം. ആരെയും പ്രകോപിക്കാതെ മുന്നോട്ട് പോവണം. നിങ്ങളെയൊക്കെ ആളുകളൊക്കെ ആരാധിക്കുന്ന ഒരാളല്ല. അപ്പോൾ ട്രാപ്പിലാക്കാൻ വേണ്ടി ചിലരൊക്കെ വരും. അതുകൊണ്ട് വളരെ ശ്രദ്ധിക്കുക.. ഒത്തിരിപ്പേര് നിങ്ങളെ യൂസ് ചെയ്തിട്ടുണ്ടല്ലേ.. എന്തായാലും നന്നായി വരട്ടെ..”, ഹരി പത്തനാപുരം പറഞ്ഞു. കല്യാണം കഴിക്കുന്നില്ലേയെന്ന് ഹരി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സന്തോഷിന്റെ മറുപടി.