‘ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്! അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല..’ – പിന്തുണയുമായി നടൻ ഹരീഷ് പേരടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്ന തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ കെ.എസ്.യു സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ശ്രീക്കുട്ടൻ ജയിച്ചുവെന്ന ആദ്യം വാർത്ത വരികയും പിന്നീട് റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐയുടെ മത്സരാർത്ഥി വിജയിച്ചതും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കാഴ്ച പരിമിതിയുള്ള ഒരു വിദ്യാർത്ഥി കൂടിയാണ് ശ്രീക്കുട്ടൻ.

ഒരു വോട്ടിന് ശ്രീക്കുട്ടൻ ജയിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നീട് അർദ്ധരാത്രിയിൽ റീപോളിംഗ് നടത്തി എതിർ സ്ഥാനാർത്ഥി 13 വോട്ടുകൾക്ക് വിജയിപ്പിച്ചുമെന്നാണ് വന്ന ആരോപണം. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പുറത്തുവരേണ്ടതുണ്ട്. അതേസമയം ശ്രീക്കുട്ടന് പിന്തുണ അറിയിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത് വൈറലായി മാറി.

“ശ്രീക്കുട്ടൻ ഇരുട്ട് ശീലമാണ്. ഇരുട്ടിൽ എന്തെല്ലാം കടപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ. പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം. ഇരുട്ടിൽ നിങ്ങൾ ഉണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം. നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ.. ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജന്മമെടുത്തവൻ.

അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്. അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല. ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്. ശ്രീക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദി ഉള്ളവനായിരിക്കും. ഹിറ്റ്ലറിന്റെ പേപ്പട്ടികൾ എത്ര ഉറക്ക കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല. അവൻ ഉണർന്നിരിക്കും.. ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ..”, ഹരീഷ് പേരടി ശ്രീക്കുട്ടന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.